ബെംഗളൂരു: ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വിദഗ്ധര്‍.കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി രണ്ട് ഡോസുകള്‍സ്വീകരിച്ചതിന് ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് നിലവില്‍ 9 മാസമാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നത്.
ഇത് 6 മാസമായി കുറയ്‌ക്കണമെന്ന് ബെംഗളൂരുവിലെ ജനറ്റിക്‌സ് ആന്‍ഡ് സൊസൈറ്റി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. രാകേഷ് മിശ്ര ആവശ്യപ്പെട്ടു.ഒമ്ബത് മാസം പൂര്‍ത്തിയാകുന്നതിന് മുമ്ബ് ബൂസ്റ്റര്‍ ഡോസ് നല്‍കുകയാണെങ്കില്‍ അത് നല്ല തീരുമാനമാണ്. ഇടവേള 5-6 മാസമായി ചുരുക്കണം.
വാക്‌സിന്‍ ലഭ്യമാണെങ്കില്‍ അത് എത്രയും വേഗം ഉപയോഗിക്കണമെന്നും രാകേഷ് മിശ്ര ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നാലാം തരംഗത്തിനുള്ള സാധ്യത കുറവാണെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നിരുന്നാലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം വരുത്തരുതെന്ന് ഡോക്ടര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം ശക്തമാണ്. അര്‍ഹതപ്പെട്ട മിക്കവര്‍ക്കും രണ്ട് ഡോസുകള്‍ ലഭിച്ചുകഴിഞ്ഞു. കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ച് വരികയാണ്. മുതിര്‍ന്നവര്‍ ബൂസ്റ്റര്‍ ഡോസിലേക്കും കടന്നു. രോഗബാധിതരുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കും. എങ്കിലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ നിരക്ക് കുറവാണ്.
എന്നാല്‍ വൈറസ് വ്യാപിക്കുന്നതിനുളള സാഹചര്യം ഒഴിവാക്കിയില്ലെങ്കില്‍ ശക്തമായ നാലാം തരംഗത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.