ദില്ലി: രാജ്യത്ത് കൊവിഡ് മാനദണ്ഡങ്ങൾ കർശനമാക്കാൻ സാധ്യത. വരാനിരിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയേക്കും. മാസ്ക് വീണ്ടും നിർബന്ധമാക്കാനും സാധ്യതയുണ്ട്. അതേസമയം, ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. ചൈനയിലേക്കും ചൈനയിൽ നിന്നുമുള്ള വിമാന സർവീസുകൾ റദ്ദാക്കാൻ തൽക്കാലം തീരുമാനമില്ലെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം ഉണ്ടായേക്കും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനാണ് സാധ്യത. ക്വാറൻ്റീൻ സൗകര്യങ്ങൾ കൂട്ടാൻ നിർദേശം നൽകും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തെ സ്ഥിതി നിരീക്ഷിച്ച് വരികയാണ്. പോസിറ്റീവ് ആകുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാവരും വാക്സിന്റെ മുൻകരുതൽ ഡോസ് എടുക്കണമെന്നും കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആഘോഷങ്ങളും ഉത്സവങ്ങളും വരാനിരിക്കുന്ന പശ്ചാത്തലത്തിൽ മാസ്ക് നിർബന്ധമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അഞ്ച് മടങ്ങ് വ്യാപനശേഷി; ഒമിക്രോണിന്‍റെ ഈ വകഭേദത്തെ കുറിച്ചുള്ള വാട്സാപ്പ് സന്ദേശം വ്യാജമെന്ന് ആരോഗ്യവകുപ്പ്
കൊവിഡ് 19 രോഗവുമായുള്ള നമ്മുടെ പോരാട്ടത്തിന് ഇപ്പോഴും അവസാനമായിട്ടില്ല. ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച മുൻകരുതലുകളെക്കുറിച്ച് കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു.
അതേസമയം ഈ സാഹചര്യത്തിൽ രോഗം സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ കൈമാറുന്നവരുമുണ്ട്. അത്തരത്തിലൊരു വാട്സാപ്പ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. ഒമിക്രോൺ വകഭേദമായ XBB അഞ്ചുമടങ്ങ് വ്യാപനശേഷിയുള്ളതും മരണനിരക്ക് കൂട്ടുന്നതും ഡെൽറ്റയേക്കാൾ അപകടകാരിയാണ് എന്നതുമായിരുന്നു വൈറലായ സന്ദേശത്തില്‍ പറയുന്നത്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഈ വകഭേദത്തിന്റെ ലക്ഷണങ്ങൾ കടുത്തതായിരിക്കും എന്നും പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വാട്സാപ്പ് സന്ദേശം തെറ്റാണെന്നും ജനങ്ങൾ വിശ്വസിക്കരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ വകുപ്പ്.
വൈറലാകുന്ന സന്ദേശത്തിന്റെ ഫോട്ടോ സഹിതമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ സന്ദേശം ചില വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത് വ്യാജമാണെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം, പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കൊവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോൾ യോഗത്തിനുശേഷം വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27- 28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.