ലണ്ടന്‍: ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് സ്വീകരിച്ചവര്‍ക്കും യു.കെയില്‍ പ്രവേശനാനുമതി. നവംബര്‍ 22 മുതലാണ് കോവാക്സിന് സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുമതി നല്‍കുക. ക്വാറന്‍റീനില്ലാതെ അന്നുമുതല്‍ യു.കെയില്‍ പ്രവേശിക്കാം. ലോകാരോഗ്യ സംഘടന കോവാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് തീരുമാനം. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കോവാക്സിന് സ്വീകരിച്ചവര്‍ക്ക് യു.കെയില്‍ പ്രവേശനാനുമതി നല്‍കാനുള്ള തീരുമാനം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണകരമാകും. പൂര്‍ണമായും വാക്സിന് സ്വീകരിച്ച 18 വയസിന് മുകളിലുള്ളവര്‍ക്ക് യു.കെയില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി ലഭിക്കുന്ന നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുമെന്ന് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റും അറിയിച്ചു.