ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിര്‍മിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കി. ഭാരത് ബയോടെക് നിര്‍മിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിനുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉള്‍പ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും.
അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലില്‍ ഭാരത് ബയോടെക് അപേക്ഷ നല്‍കിയിരുന്നു. വാക്സിന്‍ പരീക്ഷണത്തിന്‍റെയും ഫലപ്രാപ്തിയുടെയും വിശദവിവരങ്ങള്‍ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു. നേരത്തെ തന്നെ അനുമതി ലഭിക്കുമെന്ന് കരുതിയെങ്കിലും പല കാരണങ്ങളാല്‍ അനുമതി നീണ്ടുപോയത് കോവാക്സിന്‍ സ്വീകരിച്ചവരെ ആശങ്കയിലാക്കിയിരുന്നു. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിന് 2021 ജനുവരിയിലാണ് അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.
തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാന കഴിഞ്ഞ ദിവസം കോവാക്സിന് അംഗീകാരം നല്‍കിയിരുന്നു. ഓസ്ട്രേലിയ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കോവാക്സിന്‍ അംഗീകരിച്ചതിനു പിന്നാലെയാണ് തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയും കോവിഡിനെതിരെ കോവാക്സിന്‍ ഫലപ്രദമെന്ന് പറയുന്നത്. മൗറീഷ്യസ്, ഫിലിപ്പൈന്‍സ്, നേപ്പാള്‍, മെക്സികോ, ഇറാന്‍, ശ്രീലങ്ക, ഗ്രീസ്, എസ്റ്റോണിയ, സിംബാവെ തുടങ്ങിയ രാജ്യങ്ങളും നേരത്തെ കോവാക്സിന് അനുമതി നല്‍കിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യാന്തര യാത്രകള്‍ക്കുള്ള തടസം നീങ്ങുകയാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടില്ലാതിരുന്നതിനാല്‍ ഇതുവരെ കോവാക്സിന് എടുത്തവരെ പല രാജ്യങ്ങളും ‘അണ്‍ വാക്സിനേറ്റഡ്’ ഗണത്തില്‍ പെടുത്തിയിരുന്നു. ഇതാണ് വിദേശയാത്ര ബുദ്ധിമുട്ടിലാക്കിയിരുന്നത്