കൃഷിതോട്ടത്തിന് തീ പിടിച്ചതിന് വൈദ്യുതി കമ്ബനി കർഷകന് നഷ്ടപരിഹാരമായി 21 ലക്ഷം രൂപ നല്‍കണമെന്ന് വിധി പുറപ്പെടുവിച്ച് കോടതി.കർണാടകയിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് വിധി പുറപ്പെടുവിച്ചത്. കൃഷി തോട്ടത്തില്‍ തീ പിടിക്കാൻ കാരണം അണ്ണാനാണെന്നും തങ്ങളുടെ അശ്രദ്ധ അല്ലെന്നുമുള്ള വൈദ്യുതി കമ്ബനിയുടെ വാദത്തെ കോടതി തള്ളി.ഹുബ്ലി ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനിയായ ഹെസ്കോമാണ് 21 ലക്ഷം രൂപ കർഷകന് നല്‍കേണ്ടത്. മാതളത്തോട്ടത്തിനാണ് തീപിടിത്തമുണ്ടായത്. 2020 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബാഗല്‍കോട്ട് ജില്ലയിലെ ബദാമി താലൂക്കിലായിരുന്നു സംഭവം. 72 കാരനായ പൻപണ്ണയുടെ കൃഷിയിടത്തിന് മുകളില്‍ ഇലക്‌ട്രിക് ലൈനില്‍ നിന്നുള്ള തീപ്പൊരി വീണ് തീ ആളിക്കത്തിയതാണ് കേസിനാസ്പദമായ സംഭവം.തീപിടിത്തത്തില്‍ 1320 മാതള ചെടികളും 15 ടണ്‍ പഴങ്ങളും കത്തി നശിച്ചു. 3 ഏക്കറും 19 ഗുണ്ടയും സ്ഥലത്ത് മാതളം കൃഷി ചെയ്തിരുന്ന പൻപണ്ണയുടെ വാർഷിക വരുമാനം 11-12 ലക്ഷം രൂപയാണ്. തീപിടിത്തത്തെ തുടർന്ന് പൻപണ്ണ ഹെസ്‌കോമിനെ സമീപിച്ചെങ്കിലും വൈദ്യുതി കമ്ബനി പരിഹാരമൊന്നും ചെയ്തില്ല.
വൈദ്യുതി ലൈനുകളില്‍ അണ്ണാൻ തട്ടിയതാണ് തീപിടുത്തത്തിന് കാരണമെന്നായിരുന്നു ഹെസ്കോമിന്റെ പ്രതികരണം. ഈ പ്രതികരണത്തില്‍ തൃപ്തരാകാതെ പൻപണ്ണ ബാഗല്‍കോട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനില്‍ (ബിഡിസിഡിആർസി) പരാതി നല്‍കി. നഷ്ടപരിഹാരമായി 25,31,250 രൂപയും മാനസിക പീഡനത്തിനും വ്യവഹാരച്ചെലവിനുമുള്ള അധിക തുകയും നല്‍കണമെന്ന് ഹെസ്‌കോമിനോട് ഉത്തരവിട്ട ജില്ലാ കമ്മീഷൻ കർഷകന് അനുകൂലമായി വിധി പുറപ്പെടുവിച്ചു.