ബംഗളൂരു: ഒരു രൂപ ബാക്കിനല്‍കാത്തതിന് 2,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷന്‍. ബംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണ്(ബി.എം.ടി.സി) കോടതി പിഴയിട്ടിരിക്കുന്നത്.ഈ തുക ഉപഭോക്താവിനു നഷ്ടപരിഹാരമായി നല്‍കാനാണ് ഉത്തരവ്.2019 സെപ്റ്റംബര്‍ 11ന് നടന്ന ഒരു സംഭവത്തിലാണ് ബംഗളൂരു ജില്ലാ ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്റെ ഇടപെടലെന്ന് ‘ലൈവ് ലോ’ റിപ്പോര്‍ട്ട് ചെയ്തു. അഡ്വ. രമേശ് നായ്ക് ആണ് പരാതിക്കാരന്‍. മജെസ്റ്റിക്കില്‍നിന്ന് ബി.എം.ടി.സിയുടെ വോള്‍വോ ബസില്‍ ശാന്തിനഗറിലേക്ക് നടത്തിയ യാത്രയിലാണ് പരാതിക്കിടയായ സംഭവം.
29 രൂപ ടിക്കറ്റിന് പരാതിക്കാരന്‍ 30 രൂപ നല്‍കിയെങ്കിലും ഒരു രൂപ ബാക്കിനല്‍കിയില്ല. ഒരു രൂപ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ തിരിച്ചുനല്‍കാന്‍ വിസമ്മതിച്ചു. ശബ്ദമുണ്ടാക്കി മോശമായി പെരുമാറുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.ബാക്കിയുള്ള ഒരു രൂപ തിരിച്ചുനല്‍കാന്‍ കമ്മിഷന്‍ ബി.എം.ടി.സിയോട് ഉത്തരവിട്ടു. സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ച കമ്മിഷന്‍ നിയമനടപടികള്‍ക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നല്‍കാനും നിര്‍ദേശിച്ചു. 45 ദിവസത്തിനകം നിര്‍ദേശിച്ച തുക നല്‍കണം.
ഇല്ലെങ്കില്‍ ബി.എം.ടി.സി മാനേജിങ് ഡയരക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാമെന്നും കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചതില്‍ ഉപഭോക്താവിനെ കമ്മിഷന്‍ പ്രശംസിച്ചു. നിസ്സാര കാര്യമാണെന്ന് തോന്നുമെങ്കിലും പൗരാവകാശം എന്ന വലിയ വിഷയമാണ് പരാതിക്കാരന്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ നടപടിയെ പ്രശംസിക്കേണ്ടതുണ്ടെന്നും ഇതൊരു ഉപഭോക്തൃ അവകാശമായി അംഗീകരിക്കണമെന്നും ഉപഭോക്തൃ പരാതി പരിഹാര കമ്മിഷന്‍ കൂട്ടിച്ചേര്‍ത്തു.
വിരുന്ന് സല്‍ക്കാരത്തിനിടെ രസഗുളയെ ചൊല്ലി തര്‍ക്കം; വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു
ലക്നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ വിരുന്ന് സല്‍ക്കാരത്തിനിടെ വധുവിന്റെ ബന്ധുവിനെ അടിച്ചുകൊന്നു. രണ്‍വീണ്‍ സിങ്ങ് (50) ആണ് മരിച്ചത്.രസഗുള കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.മെയിന്‍പുരി ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനിടെ ബക്കറ്റില്‍ നിന്ന് രസഗുള എടുക്കുന്നതിനെ രണ്‍വീര്‍ സിങ് എതിര്‍ത്തു. ഇതാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന നാലു അതിഥികളുമായാണ് വാക്കേറ്റം ഉണ്ടായത്.
ഇതേ തുടര്‍ന്ന് നാലംഗ സംഘം ഇരുമ്ബുവടി ഉപയോഗിച്ച് രണ്‍വീര്‍ സിങ്ങിനെ മര്‍ദ്ദിക്കുകയായിരുന്നു. അടിപിടിയില്‍ രാം കിഷോര്‍ എന്ന ആള്‍ക്കും മര്‍ദ്ദനമേറ്റു. ഗുരുതരമായി പരിക്കേറ്റ രാം കിഷോറിനെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം, സംഭവത്തില്‍ കേസെടുത്തതായും ഒളിവില്‍ പോയ പ്രതികളെ പിടികൂടാന്‍ തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.