Home Featured ബംഗളുരു: കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം;ദമ്പതികൾക്ക് അയൽക്കാരുടെ ക്രൂര മർദനം

ബംഗളുരു: കാർ പാർക്ക് ചെയ്തതിനെച്ചൊല്ലി തർക്കം;ദമ്പതികൾക്ക് അയൽക്കാരുടെ ക്രൂര മർദനം

ബംഗളുരു: റോഡരികിൽ കാർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ദമ്പതികൾക്ക് ക്രൂര മർദനം. യുവാവിനെ അടിച്ചിട്ട അയൽവാസികൾ അയാളെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. തടയാനെത്തിയ ഭാര്യയെ അയൽവാസികളായ സ്ത്രീകൾ പിടിച്ചുതള്ളി. ഇവരുടെ വസ്ത്രം വലിച്ചുകീറാനും ശ്രമിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ക‍ർണാടകയിലെ ബെലഗാവിയിൽ നിന്ന് ബംഗളുരുവിൽ താമസിക്കാനെത്തിയതായിരുന്നു ദമ്പതികൾ. ഇവർ വീടിന് സമീപം റോഡരികിലെ ഒരു പാർക്കിങ് ഏരിയയിൽ രാത്രി വാഹനം നിർത്തിയിട്ടു. ഇത് ഒരു വീടിന്റെ മുന്നിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും വീടിനകത്തു നിന്ന് ഇറങ്ങി ദമ്പതികളുടെ നേർക്ക് വരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. രണ്ട് പുരുഷന്മാർ നേരെ യുവാവിനടുത്തേക്ക് ചെല്ലുകയും കയർക്കുകയും ഇയാളെ മർദിക്കുകയും ചെയ്യുന്നു. യുവതി എല്ലാം മൊബൈൽ ക്യാമറയിൽ പകർത്തി. അടിയേറ്റ് യുവാവ് നിലത്തുവീണപ്പോൾ പരിഭ്രാന്തയായ ഭാര്യ രക്ഷിക്കാനെത്തി. ഇവരെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പിടിച്ചുതള്ളി മാറ്റി.

പുരുഷന്മാർ യുവാവിനെ തുട‍ർച്ചയായി മർദിക്കുന്നത് വീഡിയോയിൽ കാണാം. ഒരുതവണ യുവാവ് തിരിച്ച് അടിക്കുകയും ചെയ്തു. അടിയേറ്റ് വീണിട്ടും മ‍ർദനം തുടർന്നു. സഹായത്തിനായി യുവതി നിലവിളിക്കുകയായിരുന്നു ഈ സമയം. വീട്ടിൽ നിന്ന് ഇറങ്ങിവന്ന മറ്റൊരു സ്ത്രീ യുവതിയുടെ വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും പരിസരവാസികൾ പറഞ്ഞു. വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. പരാതി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് ബംഗളുരു പൊലീസ് സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രതികരണം.

You may also like

error: Content is protected !!
Join Our WhatsApp Group