Home covid19 രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 100 ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍;ആശങ്കയോടെ കേരളം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ 100 ദിവസത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍;ആശങ്കയോടെ കേരളം

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത് 7,500 കേസുകളാണ്.കഴിഞ്ഞ 100 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വ‌ര്‍ധനയാണിത്. 2.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊവിഡ് വ്യാപനത്തില്‍ ജാഗ്രത കൈവിടരുതെന്ന് ഓര്‍മ്മിപ്പിച്ച്‌ കേന്ദ്രം കഴിഞ്ഞ ദിവസം വീണ്ടും രംഗത്തെത്തിയിരുന്നു.

തുടര്‍ച്ചയായി രണ്ട് ദിവസം പ്രതിദിന കണക്കില്‍ 40 ശതമാനം വ‌ര്‍ധനയുണ്ടായതിന് പിന്നാലെയാണ് കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. പരിശോധനയും വാക്സിനേഷനും കൂട്ടാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളില്‍ വീഴ്ച വരുത്തരുതെന്നും കേന്ദ്രം നിര്‍‍ദേശിച്ചിട്ടുണ്ട്.

ബുധനാഴ്ച 5,233 കേസുകളും ഇന്നലെ 7,240 കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച്‌ ഒന്നിന് ശേഷം പ്രതിദിന രോഗികളുടെ എണ്ണം ഏഴായിരം കടന്നത് ഇന്നലെയായിരുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും രണ്ടായിരത്തിന് മുകളിലാണ് കേസുകള്‍. മഹാരാഷ്ട്രയില്‍ ജനുവരി 25ന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

രോഗവ്യാപനം കൂടുതലാണെങ്കിലും സംസ്ഥാനത്ത് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഒരാഴ്ചയ്ക്കിടെ കേരളത്തില്‍ പതിനായിരത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളവും മഹാരാഷ്ട്രയും കൂടാതെ ദില്ലി, ബംഗാള്‍, ഹരിയാന തുടങ്ങിയ ഇടങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചു.

ദില്ലിയില്‍ മാസങ്ങള്‍ക്ക് ശേഷം അഞ്ഞൂറിലധികം പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറിന് മുകളില്‍ കേസുകളുള്ള സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. പ്രാദേശിക അടിസ്ഥാനത്തില്‍ പരിശോധന കൂട്ടി നിയന്ത്രണങ്ങളേര്‍പ്പെടുത്തി രോഗവ്യാപനം പിടിച്ചുകെട്ടാനാണ് കേന്ദ്രസര്‍ക്കാരിന്‍റെറെ ആലോചന.കേരളത്തില്‍ കേസുകള്‍ ഉയരുന്നു, പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം.

സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമിക്രോണ്‍ വകഭേദമാണ്.

ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവരും കുറവാണ്. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് ഇന്നലെ 2415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എറണാകുളത്താണ് കൂടുതല്‍ കേസുകള്‍, 796. തിരുവനന്തപുരത്തും 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. മറ്റ് ജില്ലകളിലും കേസുകള്‍ കൂടുകയാണ്. സംസ്ഥാനത്തെ ഇന്നലെ 5 കൊവിഡ് മരണവും സ്ഥിരീകരിച്ചു. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‍ക് നിര്‍ബന്ധമായും ധരിക്കണം എന്നും അദ്ദേഹം നി‍ര്‍ദേശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group