ന്യൂഡല്‍ഹി: ആധാറിലെ ബയോമെട്രിക്ക് വിവരങ്ങള്‍ മറ്റാവിശ്യങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന് യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒാഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം യു.ഐ.ഡി.എ.ഐ. വ്യക്തമാക്കിയിരിക്കുന്നത്.
2018ലെ ഒരു മോഷണ കൊലപാതക കേസുമായി ബന്ധപ്പെട്ട് സംഭവ സ്ഥലത്തുനിന്ന് തെളിവായി ആധാര്‍ കാര്‍ഡ് ലഭിച്ചിരുന്നു. ഇത് ആധാര്‍ ഡാറ്റാബേസുമായി ഒത്തുനോക്കാന്‍ കഴിയുമോയെന്ന് പ്രോസിക്യൂഷന്‍ അന്വേഷിച്ചിരുന്നു. ഈ അപേക്ഷയിലാണ് ആധാര്‍ അധികൃതര്‍ മറുപടി നല്‍കിയത്.
ആധാര്‍ ആക്‌ട് പ്രകാരം വ്യക്തി നല്‍കിയ അതിഗൗരവമായ വിവരങ്ങള്‍ യാതൊരു കാരണവശാലും ആര്‍ക്കും നല്‍കില്ലെന്നും അത് ആധാര്‍ ആക്‌ട് വകുപ്പ് 2(ജെ) യുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ആധാര്‍ വിവരശേഖരണത്തിന്റെ ഭാഗമായി ഒരാളുടെ വിരലടയാളം, കണ്ണിന്റെ ഐറിസ് തുടങ്ങിയ ബയോമെട്രിക്ക് വിവരങ്ങളാണ് എടുക്കുന്നത്.