Home Featured നമസ്‌കാരം തുടര്‍ന്നാല്‍ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

നമസ്‌കാരം തുടര്‍ന്നാല്‍ സുന്ദരകാണ്ഡം ചൊല്ലും; യുപി ലുലു മാള്‍ ബഹിഷ്‌കരിക്കണമെന്ന് ഹിന്ദു മഹാസഭ

ലഖ്‌നൗ: ഞായറാഴ്ച യുപി തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ച ലുലു മാളിനെതിരെ അഖില്‍ ഭാരത് ഹിന്ദു മഹാസഭ. കെട്ടിടത്തില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ ആവശ്യപ്പെട്ടു.

മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. കഴിഞ്ഞ ദിവസം ലുലു മാളിലേത് എന്ന പേരില്‍ വിശ്വാസികള്‍ നമസ്‌കരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനം.

മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കുമെന്ന് മഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പ്രസ്താവനയില്‍ പറഞ്ഞു. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണം- പ്രസ്താവന ആവശ്യപ്പെട്ടു. ദൈനിക് ഭാസ്‌കര്‍, ആജ് തക് അടക്കമുള്ള ഹിന്ദി മാധ്യമങ്ങള്‍ ബഹിഷ്‌കരണാഹ്വാനം റിപ്പോര്‍ട്ടു ചെയ്തു. ലുലു മാള്‍ ലഖ്‌നൗ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിങ്ങാണ്. വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് മാള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

പൊതുസ്ഥലത്ത് നമസ്‌കാരം നടത്തരുത് എന്ന നിയമമാണ് തെറ്റിച്ചത്. മാളിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട എഴുപത് ശതമാനം പുരുഷന്മാരും ഒരു സമുദായത്തില്‍നിന്നുള്ളവരാണ്. പെണ്‍കുട്ടികള്‍ മറ്റൊരു സമുദായത്തില്‍നിന്നുള്ളവരും. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാള്‍. മുഖ്യമന്ത്രി യോഗി ആദിത്യനാത് വിഷയത്തില്‍ അടിയന്തരമായി ഇടപെടണം – ചതുര്‍വേദി ആവശ്യപ്പെട്ടു.

ആര്‍എസ്‌എസ് മുഖവാരികയായ ‘ഓര്‍ഗനൈസര്‍’ അടക്കമുള്ള തീവ്രവലതുപക്ഷ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നമസ്‌കാരത്തിന്റെ വീഡിയോ പങ്കുവച്ചു. ‘മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഈയിടെ തുറന്നു കൊടുത്ത ലുലുമാളില്‍ മുസ്‌ലിംകള്‍ നമസ്‌കരിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിംകളും വനിതാ ജീവനക്കാരെല്ലാം ഹിന്ദുക്കളുമാണ് എന്നാണ് പറയപ്പെടുന്നത്’ – എന്ന ശീര്‍ഷകത്തോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്.

രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച മാള്‍ തിങ്കളാഴ്ചയാണ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്‌ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 11 സ്‌ക്രീന്‍ സിനിമ, ഫുഡ് കോര്‍ട്ട്, മൂവായിരത്തിലധികം വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്.

You may also like

error: Content is protected !!
Join Our WhatsApp Group