ന്യൂഡല്‍ഹി: വിവാദമായ കൗ ഹഗ് ഡേ സര്‍കുലര്‍ കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍കുലര്‍ പിന്‍വലിച്ചത്.പ്രണയ ദിനമായ ഫെബ്രുവരി 14ന് കൗ ഹഗ് ഡെ ആചരിക്കാനായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പശുക്കളെ ആലിംഗനം ചെയ്യണമെന്ന സര്‍കുലര്‍ വിവാദമായിരുന്നു.പ്രണയ ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര മൃഗസംരക്ഷണ വകുപ്പാണ് ആഹ്വാനം ചെയ്തത്.
ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്ബദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കളെന്നും അവയെ കെട്ടിപ്പിടിക്കുന്നത് ആളുകളില്‍ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്തയുടെ ആഹ്വാനത്തില്‍ പറഞ്ഞിരുന്നു.ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്ബദ്ഘടനയുടെയും സുസ്ഥിരമായ ജീവിതത്തിന്‍റെയും കന്നുകാലി സമ്ബത്തിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കള്‍. അമ്മയെപ്പോലെ, എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശു കാമധേനു എന്നും ഗോമാതയെന്നും അറിയപ്പെടുന്നത്.
കാലാകാലങ്ങളായി പാശ്ചാത്യ സംസ്കാരം അധിനിവേശം നടത്തുന്നതിനാല്‍ വേദ സംസ്കാരം അവസാനത്തിന്‍റെ വക്കിലാണ്. പാശ്ചാത്യ സംസ്കാരം കാരണം നമ്മുടെ സംസ്കാരവും പാരമ്ബര്യവും ഏതാണ്ട് മറന്ന അവസ്ഥയായി.പശുവിനുള്ള വളരെയേറെ ഗുണങ്ങള്‍ പരിഗണിക്കുമ്ബോള്‍, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂര്‍ണവും ഏവര്‍ക്കും സന്തോഷം നിറക്കുന്നതുമാണ്. പശു നല്‍കുന്ന പോസിറ്റീവ് എനര്‍ജിയും ജീവിതത്തില്‍ സന്തോഷം നിറക്കുന്ന ഗോമാതാവിന്‍റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ്” -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മൃഗസംരക്ഷണ വകുപ്പിന്‍റെ ആഹ്വാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് നടപടി പിന്‍വലിച്ചത്. സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. സംഘ്പരിവാര്‍ അനുകൂലികള്‍ ‘കൗ ഹഗ് ഡേ’യെ സ്വാഗതം ചെയ്തും രംഗത്തെത്തിയിരുന്നു.