കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിനായി കണ്ണൂര്‍ മാടായിക്കാവില്‍ വഴിപാട് നടത്തി പ്രവര്‍ത്തകര്‍.220 സ്ഥാനാര്‍ത്ഥികളുടെയും മല്ലികാര്‍ജുന്‍ ഖാര്‍ഗേ അടക്കമുള്ള നേതാക്കന്‍മാരുടെയും പേരിലാണ് വഴിപാട് നടത്തിയത്. കണ്ണൂര്‍ എരിപുരം ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയാണ് അര്‍ച്ചന നടത്തിയത്. സ്ഥാനാര്‍ഥികള്‍ക്കായി അകപൂജയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെ പേരില്‍ കോഴിപൂജയും ആണ് നടത്തിയത്. നേതൃഗുണം വരുന്നതിനാണ് കോഴിപൂജ.അതേസമയം, കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
ഉച്ചതിരിഞ്ഞ് മൂന്നുവരെ അമ്ബത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്. ബിജെപി ഭരണത്തില്‍ തിരിച്ചെത്തുമെന്ന് മുതിര്‍ന്ന നേതാവ് യെദിയൂരപ്പ പറഞ്ഞപ്പോള്‍, ഗ്യാസ് സിലിണ്ടറിനെ നോക്കി വോട്ട് ചെയ്യാനിറങ്ങാന്‍ ജനങ്ങളോട് ഡി കെ ശിവകുമാര്‍ അഭ്യര്‍ഥിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ്സുമായി സഖ്യമുണ്ടാവില്ലെന്നും കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. 2018-ല്‍ 72.45% ആയിരുന്നു സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം. രാജ്യത്ത് തന്നെ ആദ്യമായി വോട്ട് ഫ്രം ഹോം എന്ന സൗകര്യം നടപ്പാക്കിയത് ഈ തെരഞ്ഞെടുപ്പിലാണ്. ഈ സൗകര്യം ഉപയോഗിക്കാവുന്നവരില്‍ 94% പേരും വോട്ട് രേഖപ്പെടുത്തി. ഭരണവിരുദ്ധവികാരവും അഴിമതിയാരോപണങ്ങളും വലിയ വെല്ലുവിളിയായിരുന്ന തെരഞ്ഞെടുപ്പില്‍ അവസാനലാപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രചാരണത്തിന്‍റെ കടിഞ്ഞാണ്‍ നേരിട്ട് കയ്യിലെടുത്തത്.
വളരെ നേരത്തേ തന്നെ പ്രചാരണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ശക്തികേന്ദ്രമായ ഓള്‍ഡ് മൈസുരു മേഖലയിലടക്കം വോട്ടുബാങ്കുറപ്പിച്ച് കിംഗ് മേക്കര്‍ പദവി നിലനിര്‍ത്താനാണ് ജെഡിഎസ് ശ്രമം. വിലക്കയറ്റമടക്കമുള്ള പ്രശ്നങ്ങള്‍ ഒരു വശത്തും, മതസാമുദായിക ധ്രുവീകരണമടക്കം മറുവശത്തും ഗതി നിര്‍ണയിച്ച തെരഞ്ഞെടുപ്പിലെ ഫലസൂചന കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണായകമാണ്.
ഡോ. വന്ദനാ ദാസിന്റെ കൊലപാതകം, പ്രതി സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു
ഡോക്ടര്‍ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ അധ്യാപകന്‍ ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു.പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെന്‍ഷന്‍. നെടുമ്ബന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്. കൂടുതല്‍ കര്‍ശനമായ തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
വെളിയം ഉപജില്ലയിലെ എയ്ഡഡ് സ്കൂള്‍ ആയ യുപിഎസ് വിലങ്ങറയില്‍ നിന്ന് തസ്തിക നഷ്ടപ്പെട്ട് സംരക്ഷിതാധ്യാപകനായി 2021 ഡിസംബര്‍ 14 മുതല്‍ കുണ്ടറ ഉപജില്ലയിലെ എയ്ഡഡ് സ്കൂള്‍ ആയ യുപിഎസ് നെടുമ്ബനയില്‍ ഹെഡ് ടീച്ചര്‍ വേക്കന്‍സിയില്‍ യു പി എസ് ടി ആയി ജോലി നോക്കുകയായിരുന്നു സന്ദീപ്.കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
പൈശാചികമായ സംഭവമാണിതെന്നും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വിട്ടുവീഴ്ചയില്ലാത്ത നടപടി പ്രതിക്കെതിരെ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമാണിതെന്നും സമൂഹം ഒന്നടങ്കം ഇതിനെതിരെ നിലപാടെടുക്കണമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.