ബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ 20 തദ്ദേശ സ്വയംഭരണ മണ്ഡലങ്ങളിൽ നിന്നുള്ള 25 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 14ന് പുറത്ത് വന്നപ്പോള്‍ ഭരണകക്ഷിയായ ബി ജെ പിക്ക് പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. ബി ജെ പിയും കോൺഗ്രസും 20 മണ്ഡലങ്ങളിൽ വീതവും ജനതാദൾ (എസ്) 6ലുമായിരുന്നു മത്സരിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് ബി ജെ പി വലിയ അവകാശവാദം നടത്തിയിരുന്നെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ 11 സീറ്റുകള്‍ മാത്രമായിരുന്നു അവർക്ക് നേടാന്‍ സാധിച്ചത്.
പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിനും അത്രയും തന്നെ സീറ്റുകള്‍ ലഭിച്ചു. ഏറ്റവും കുറഞ്ഞത് 15 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്നായിരുന്നു ബി ജെ പി നേതാക്കള്‍ അവകാശപ്പെട്ടിരുന്നത്. മറുഴശത്ത് കോണ്‍ഗ്രസാവട്ടെ 11 എന്ന സഖ്യം ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിട്ടാണ് വിലയിരുത്തുന്നത്. ജെ ഡി എസ് രണ്ട് സീറ്റില്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് സ്വതന്ത്രനാണ് വിജയം.2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചനയായിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭാ കൌണ്‍സില്‍ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. ബി ജെ പി 14-15 സീറ്റുകൾ നേടുമെന്നും അതുവഴി 75 അംഗങ്ങളുള്ള കൗൺസിലിൽ മികച്ച ഭൂരിപക്ഷം ഉറപ്പാക്കുമെന്നമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മായ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് അവകാശപ്പെട്ടിരുന്നത്.
എന്നാൽ, ഭൂരിപക്ഷത്തിലേക്ക് എത്താൻ പാർട്ടിക്ക് ഒരു സീറ്റിന്റെ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞില്ലെങ്കിലും തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനത്തെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിച്ച് രംഗത്ത് എത്തി. ബി ജെ പി അധികമായി നേടിയ ആറ് സീറ്റുകൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ അഭിമാനകരമായ ബെലഗാവി മണ്ഡലത്തിലെ ബി ജെ പിയുടെ തോൽവി മുഖ്യമന്ത്രിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. നേതാവായ രമേഷ് ജാർക്കിഹോളിക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും മണ്ഡലത്തിലെ പാർട്ടിയുടെ ദൗർബല്യമാണ് ബലഗാവിയിലെ പരാജയം തുറന്നുകാട്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഏതാനും മാസങ്ങൾക്കുമുമ്പ് ഒരു സെക്‌സ് ടേപ്പ് വിവാദത്തിൽ ഉൾപ്പെട്ടതിനെ തുടർന്ന് രാജി വെച്ചിച്ച രീതിയിൽ അതൃപ്തി പ്രകടിപ്പിച്ച് രമേഷ് ജാർക്കിഹോളി തന്റെ ഇളയ സഹോദരൻ ലഖാൻ ജാർക്കിഹോളിയെ പരോക്ഷമായി പിന്തുണച്ചുവെന്നത് ബലഗാവിയിലെ പരസ്യമായ രഹസ്യം കൂടിയാണ്. ബി ജെ പി സ്ഥാനാർഥിയും പാർട്ടി ചീഫ് വിപ്പുമായ മഹന്തേഷ് കവടഗിമഠത്തിന്റെ തോൽവി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി സ്ഥാനാർത്ഥിയുടെ തോൽവിക്ക് ജാർക്കിഹോളി സഹോദരന്മാരെ (ബാലചന്ദ്രനും രമേശും) ഉത്തരവാദികളാക്കി രമേശ് ജാർക്കിഹോളിക്കെതിരെ നടപടി വേണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെടുന്നതിലേക്ക് വരെ തിരഞ്ഞെടുപ്പ് ഫലം നയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പാർട്ടി നേതൃത്വം രമേശ് ജാർക്കിഹോളിക്കെതിരെ നടപടിയെടുക്കാൻ സാധ്യതയില്ല. ബില്ലുകൾ പാസാക്കുമ്പോൾ കൗൺസിലിൽ സർക്കാരിനെ പിന്തുണയ്ക്കാൻ രമേഷ് ജാർക്കിഹോളി തന്റെ ഇളയ സഹോദരൻ ലഖൻ ജാർക്കിഹോളിയെ പ്രേരിപ്പിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്. ബെലഗാവിയുടെ തോൽവിക്ക് പുറമെ മറ്റ് പല മണ്ഡലങ്ങളില്‍ പാർട്ടി സ്ഥാനാർത്ഥികൾ ചെറിയ വ്യത്യാസത്തിൽ മാത്രം വിജയിച്ചതും ചർച്ചയായിട്ടുണ്ട്. കലബുർഗിയിൽ 149, ഉത്തര കന്നഡയിൽ 183, ചിത്രദുർഗയിൽ 358, ശിവമോഗയിൽ 344 എന്നിങ്ങനെയാണ് ബി ജെ പി സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം.
ബെംഗളൂരുവിൽ കോടീശ്വരനായ കോൺഗ്രസ് സ്ഥാനാർത്ഥി യൂസഫ് ഷെരീഫിനെതിരെ 397 വോട്ടുകൾക്കാണ് ബിജെപിയുടെ വിജയം. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കുടകിൽ 102 ആയിരുന്നു വിജയമാർജിൻ. ഏറ്റവും കുറവ് ചിക്കമംഗളൂരുവിലാണ്, അവിടെ പാർട്ടി സ്ഥാനാർത്ഥി വെറും ആറ് വോട്ടിന്റെ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിൽ വിജയിക്കുകയായിരുന്നു. മൊത്തത്തിൽ, ഭരണകക്ഷിയായ ബി ജെ പിക്ക് വളരെ വലിയൊരു മുന്നറിയിപ്പായിട്ടാണ്ട് തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നിരിക്കുന്നത് ശക്തനായ ഒരു കർണാടക നേതാവായും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായും ബസവരാജ് ബൊമ്മൈയ്ക്ക് കഴിവ് തെളിയിക്കാന്‍ കഴിയാതെ പോയതായും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം 11 മണ്ഡലങ്ങളിലാണ് അവരുടെ വിജയം. അംഗബലം 29 ൽ നിന്ന് 26 ആയി കുറഞ്ഞെങ്കിലും 2023 ലെ ഭരണമാറ്റത്തിനായി വോട്ടർമാർ ആഗ്രഹിക്കുന്നുവെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്.
പാർട്ടി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെയും നിയമസഭയിലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും നേതൃത്വത്തിലുള്ള സംയുക്ത പ്രചാരണവും മികച്ച സ്ഥാനാർത്ഥി തെരഞ്ഞെടുപ്പും ആഭ്യന്തര തർക്കമില്ലാത്തതുമാണ് കോണ്‍ഗ്രസിന് വിജയമൊരുക്കിയത്. വിജയിച്ച 11 സ്ഥാനാർത്ഥികളിൽ എട്ട് പേരും പുതുമുഖങ്ങളാണ്. മാണ്ഡ്യ, കോലാർ, തുംകുരു എന്നിവിടങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചപ്പോള്‍ കൂടാതെ മൈസൂരു, ബെംഗളൂരു റൂറൽ എന്നിവ നിലനിർത്തി. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സലീം അഹമ്മദ് ധാർവാഡ് ഇരട്ട മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത് ബിജെപിക്കെതിരെ കോണ്‍ഗ്രസ് വലിയ ആയുധമാക്കുകയും ചെയ്യുന്നു.രണ്ട് മണ്ഡലങ്ങളിൽ മാത്രം സ്ഥാനാർത്ഥികൾ വിജയിച്ചതിനാൽ ജെഡി(എസ്) 13ൽ നിന്ന് 11 ആയി കുറഞ്ഞിട്ടുണ്ട്.
പാർട്ടി ദേശീയ അധ്യക്ഷന്‍ ദേവഗൗഡയുടെ ചെറുമകൻ സൂരജ് രേവണ്ണ ഹാസനിൽ മികച്ച വിജയം നേടി. സൂരജ് രേവണ്ണയുടെ വിജയത്തോടെ സംസ്ഥാന നിയമസഭയിൽ കുടുംബത്തിന് നാല് അംഗങ്ങളായി, ജെഡി (എസ്) ഒരു കുടുംബ പാർട്ടിയാണെന്ന വിമർശനങ്ങള്‍ക്ക് ഇത് ആക്കം കൂട്ടുകയും ചെയ്യുന്നു. മാണ്ഡ്യ, കോലാർ, തുമകുരു എന്നിവിടങ്ങളിലെ സീറ്റുകൾ നഷ്ടപ്പെട്ടതോടെ വൊക്കലിഗ ബെൽറ്റിൽ പാർട്ടിയുടെ ആധിപത്യം കുറഞ്ഞിട്ടുണ്ട്. ഭരണകക്ഷിയായ ബി ജെ പിയുമായി സഖ്യം രൂപീകരിക്കുന്നായിഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ജെ ഡി എസും തനിച്ച് മത്സരിക്കുകയായിരുന്നു. സമീപകാലത്ത് പല മുതിർന്ന നേതാക്കളും പാർട്ടി വിട്ടുപോകുകയും വടക്കൻ കർണാടകയിലും സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും യാതൊരു സ്വാധീനവുമില്ലാതാവുകയും ചെയ്തത് ജെ ഡി എസിന്റെ ശക്തി കർണ്ണാടകയിലും കൂടുതല്‍ ക്ഷയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.