ന്യൂഡൽഹി: കോൺഗ്രസ് അംഗത്വ വിതരണം സമാപിച്ചപ്പോൾ ഡിജിറ്റൽ അംഗത്വ വിതരണത്തിൽ കേരളം അഞ്ചാം സ്ഥാനത്ത്.50 ലക്ഷത്തിൽ എത്തിക്കാമെന്നായിരുന്നു കേരളത്തിന്റെ പ്രതീക്ഷയെങ്കിൽ 13 ലക്ഷംപേർമാത്രമാണ് അംഗങ്ങളായത്.
എംഎം ഹസ്സൻ പ്രസിഡണ്ട് ആയിരുന്ന കാലത്ത് 37 ലക്ഷം പേരായിരുന്നു അംഗത്വവിതരണത്തിലൂടെ അംഗങ്ങളായത്.വളരെ നേരത്തെ തന്നെ കോൺഗ്രസ് അംഗത്വ വിതരണം ആരംഭിച്ചിരുന്നെങ്കിലും കേരളത്തിൽ നടപടികൾ നീണ്ടുപോകുകയായിരുന്നു.
പുനസംഘടന നടക്കുന്നതിനാൽ അംഗത്വ വിതരണം നടത്തേണ്ടെന്ന് നേതൃത്വം നിർദ്ദേശം നൽകിയതായിരുന്നു നടപടികൾ നീണ്ടുപോകാൻ കാരണം. എന്നാൽ, പിന്നീട് പുനസംഘടനയും അംഗത്വ വിതരണവും നടന്നില്ല.ഒന്നാം സ്ഥാനത്ത് കർണാടകയാണ്.
70 ലക്ഷമാണ്പുതിയ അംഗങ്ങൾ. തെലങ്കാന 39 ലക്ഷം, മഹാരാഷ്ട്ര 32 ലക്ഷം, രാജസ്ഥാൻ 18 എന്നിങ്ങനെയാണ് രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ.പുതുതായി ആകെ 2.6 കോടി പേർ ഡിജിറ്റൽ അംഗത്വം എടുത്തതായി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.
കടലാസ് അംഗത്വം വഴി 3 കോടി പേർ അംഗത്വം എടുത്തെന്നാണ് കണക്ക്. ഇതോടെ ലക്ഷ്യമിട്ട 3.94 കോടിയിൽ കൂടുതൽ അംഗങ്ങളെ ചേർക്കാനായത് പാർട്ടിക്ക് നേട്ടമായി. നിലവിൽ രണ്ടരകോടി അംഗങ്ങളാണ് പാർട്ടിയിലുള്ളത്.കടലാസ് അംഗത്വം ഡിജിറ്റലിലേക്ക് മാറ്റാനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കും.