കര്‍ണാടകത്തിലെ ഹുബ്ബള്ളിയില്‍ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസിന്‍റെ പേരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ അക്രമകാരികള്‍ പൊലീസ് വാഹനം തകര്‍ത്തു.സംഭവ സ്ഥലത്ത് പൊലീസ് ജാഗ്രതയിലാണ് ഒപ്പം നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.ശനിയാഴ്ചയാണ് സംഘര്‍ഷത്തിലേക്ക് നയിച്ച വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് വൈറലായത്.
തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ നിരവധി നാട്ടുകാര്‍ക്കും, നാല് പൊലീസുകാര്‍ക്കും പരിക്കുപറ്റി. 40 പേരെ പൊലീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കസ്റ്റഡിയില്‍ എടുത്തതായി ഹുബ്ബള്ളി ധര്‍വാഡ് പൊലീസ് കമ്മീഷ്ണര്‍ ലബ്ബു റാം അറിയിച്ചു. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സെക്ഷന്‍ 144 പ്രകാരം ഏപ്രില്‍ 20വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അപകീര്‍ത്തികരമായി മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്ത അഭിഷേക് ഹിരേമത്തിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടി പ്രതിഷേധം നടത്തിയതാണ് പിന്നീട് സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.
പരാതിയെ തുടര്‍ന്ന് പോലീസ് ഹിരേമത്തിനെ ആനന്ദ് നഗറിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഓള്‍ഡ് ഹുബ്ബള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു.പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ വളയുകയും പോലീസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും അക്രമത്തില്‍ ഒരു ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.വാട്ട്‌സ്‌ആപ്പ് സ്റ്റാറ്റസ് പോസ്റ്റിന്റെ പേരിലാണ് പോലീസ് നടപടിയെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.