Home Featured കന്നടക്ക് പകരം ചോദ്യപേപ്പറില്‍ മലയാളം;ഉദ്യോഗാർഥികളെ വലച്ച് പി.എസ്.സി

കന്നടക്ക് പകരം ചോദ്യപേപ്പറില്‍ മലയാളം;ഉദ്യോഗാർഥികളെ വലച്ച് പി.എസ്.സി

കന്നട തസ്തികയിലേക്ക് കേരള പി.എസ്.സി നടത്തിയ യു.പി.എസ്.ടി പരീക്ഷയില്‍ ചോദ്യപേപ്പറില്‍ കന്നടക്ക് പകരം വന്നത് മലയാളമെന്ന് പരാതി.കന്നട ന്യൂനപക്ഷ മേഖലയില്‍നിന്നുള്ള ഉദ്യോഗാർഥികള്‍ക്കാണ് ചോദ്യപേപ്പറിലെ ഈ ഭാഷാമാറ്റം വിനയായിരിക്കുന്നത്. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ടവർക്ക് പരാതി നല്‍കിയിരിക്കുകയാണ് ഉദ്യോഗാർഥികള്‍. കന്നട വാക്കുകള്‍ക്ക് പകരം മലയാളം തർജമ വന്നതാണ് വിനയായത്.ഏപ്രില്‍ അഞ്ചിനാണ് പരീക്ഷ നടത്തിയത് ഏറെ പ്രതീക്ഷയില്‍ എഴുതാനിറങ്ങിയ പരീക്ഷയാണ് ഇതോടെ അവതാളത്തിലായത്. 993 ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. കഴിഞ്ഞ അഞ്ചാം തീയതി നടത്തിയ പരീക്ഷയിലാണ് സൈക്കോളജി വിഭാഗത്തില്‍ മുഴുവൻ ചോദ്യങ്ങളും മലയാളത്തില്‍ വന്നത്.

മറ്റു വിഭാഗങ്ങളിലും മലയാളം കടന്നുവന്നെന്ന് ഉദ്യോഗാർഥികള്‍ ആരോപിക്കുന്നു. കഴിഞ്ഞവർഷവും ഇതേ അനുഭവമുണ്ടായിരുന്നു. ആ പരീക്ഷയില്‍ 32 ചോദ്യങ്ങളാണ് മലയാളം ഭാഷയില്‍ വന്നത്.ഗൂഗ്ള്‍ ട്രൻസ്ലേറ്റ് ചെയ്തപോലെയായിരുന്നു ചോദ്യങ്ങള്‍ മലയാളത്തില്‍ വന്നതെന്ന് ഉദ്യോഗാർഥികള്‍ പറയുന്നു. ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നകയറ്റമാണിതെന്ന് ഇവർ ആരോപിച്ചു. ഏപ്രില്‍ അഞ്ചിന് നടത്തിയ പരീക്ഷ വീണ്ടും നടത്തണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

144.17 കോടി ജനസംഖ്യയുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുതന്നെ; രണ്ടാമത് ചൈന

ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട്. ജനസംഖ്യയില്‍ ഇന്ത്യ ലോകത്ത് ഒന്നാംസ്ഥാനത്ത് തുടരുന്നു.142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്. യു.എൻ.എഫ്.പി.എ.(യുണൈറ്റഡ് നാഷൻസ് ഫണ്ട് ഫോർ പോപ്പുലേഷൻ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോർട്ടിലാണ് കണക്കുകള്‍.ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം പേർ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേർ 10 വയസ്സുമുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. 77 വർഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 10 വയസ്സുമുതല്‍ 24 വയസ്സുവരെ പ്രായമുള്ളവർ 26 ശതമാനമുണ്ട്.

15 മുതല്‍ 64 വയസ്സുവരെയുള്ളവർ 68 ശതമാനമാണ്. ഏഴുശതമാനം 65 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സും സ്ത്രീകളുടെ ആയുർദൈർഘ്യം 74 വയസ്സുമാണ്.2006-നും 2023-നും ഇടയില്‍ ഇന്ത്യയില്‍ ശൈശവവിവാഹത്തിന്റെ തോത് 23 ശതമാനമാണ്. ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ച മരണനിരക്ക് വൻതോതില്‍ കുറഞ്ഞിട്ടുണ്ട്. ലോകവ്യാപകമായി എട്ടുശതമാനമാണ് ഇത്തരത്തിലുള്ള മരണത്തിന്റെ തോത്.

കാര്യക്ഷമമായ ആരോഗ്യപരിരക്ഷ എളുപ്പത്തില്‍ അമ്മമാർക്ക് ലഭിക്കുന്നതും ലിംഗവിവേചനപ്രശ്നങ്ങള്‍ കൃത്യമായി പരിഹരിക്കുന്നതുമാണ് ഇന്ത്യയുടെ ഈ നേട്ടത്തിന് കാരണമെന്ന് റിപ്പോർട്ടില്‍ പറയുന്നു.ഇന്ത്യയിലെ 640 ജില്ലകളില്‍ മൂന്നുജില്ലകളില്‍മാത്രമാണ് പ്രസവത്തോടനുബന്ധിച്ച മരണത്തിന്റെ അനുപാതം കുറയ്ക്കുന്നതിനുള്ള സുസ്ഥിര വികസനലക്ഷ്യം കൈവരിച്ചത്. ഒരു ലക്ഷം ജനനത്തിന് 70 എന്നതാണ് സുസ്ഥിരവികസനലക്ഷ്യത്തിന്റെ തോത്. എന്നാല്‍, ഇന്ത്യയിലെ 114 ജില്ലകളില്‍ ഒരു ലക്ഷത്തിന് 210 ആണ് തോതെന്ന് റിപ്പോർട്ട് പറയുന്നു.

ഏറ്റവും കൂടുതല്‍ അനുപാതപ്രശ്നം രേഖപ്പെടുത്തിയിരിക്കുന്നത് അരുണാചല്‍ പ്രദേശിലെ ഉള്‍മേഖലയായ തിരപ് ജില്ലയിലാണ്. ഒരുലക്ഷം ജനനത്തിന് 1671 ആണ് ഈ ജില്ലയിലെ തോത്. ലോകത്ത് ഭിന്നശേഷിയുള്ള സ്ത്രീകള്‍ ഭിന്നശേഷിയില്ലാത്തവരെക്കാള്‍ 10 ശതമാനം അധികം ലിംഗപരമായ ആക്രമണങ്ങള്‍ നേരിടുന്നു. സ്ത്രീകള്‍, പെണ്‍കുട്ടികള്‍, കുടിയേറ്റക്കാർ, അഭയാർഥികള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, എല്‍.ജി.ബി.ടി. വിഭാഗങ്ങള്‍, എച്ച്‌.ഐ.വി. ബാധിതരായ സ്ത്രീകള്‍ തുടങ്ങിയവർ വലിയ തോതില്‍ ലൈംഗികാക്രമണങ്ങള്‍ നേരിടുന്നു.തൊഴില്‍സ്ഥലങ്ങളിലും വിദ്യാഭ്യാസരംഗത്തും ദളിത് സ്ത്രീകള്‍ ജാതിവിവേചനങ്ങള്‍ നേരിടുന്നുണ്ടെന്നും അവർക്ക് നിയമസംരക്ഷണം നല്‍കണമെന്നും ഇന്ത്യയിലെ ദളിത് അവകാശ പ്രവർത്തകർ വാദിക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയില്‍ പകുതിയോളം ദളിത് സ്ത്രീകള്‍ക്ക് പ്രസവത്തിനുമുമ്ബുള്ള പരിപാലനം ലഭിക്കുന്നില്ല. 40 ശതമാനം രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിലുള്ള അധികാരം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group