Home Featured ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡൊഴിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യയ്‍ക്ക് ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ മുഖത്ത് ആസിഡൊഴിക്കുമെന്ന് മാധ്യമപ്രവര്‍ത്തകന്‍റെ ഭാര്യയ്‍ക്ക് ഭീഷണി; ജീവനക്കാരനെ പിരിച്ചുവിട്ട് കമ്പനി

ബെംഗളൂരു: മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ച് യുവതിക്കെതിരെ ആസിഡ് ആക്രമണ ഭീഷണി മുഴക്കിയ ജീവനക്കാരനെ പിരിച്ചുവിട്ട് ഡിജിറ്റൽ കമ്പനിയായ എറ്റിയോസ് സർവിസസ്. കമ്പനിയിൽ ഡെവലപ്‌മെന്റ് മാനേജറായ നികിത് ഷെട്ടിക്കെതിരെയാണു നടപടി. മാധ്യമപ്രവർത്തകനായ ഷഹബാസ് അൻസാർ നൽകിയ പരാതിയിലാണ് കമ്പനിയുടെ ഇടപെടൽ.ഷഹബാസിന്റെ ഭാര്യയ്‌ക്കെതിരെയായിരുന്നു നികിത് ഭീഷണി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.

കർണാടകയിൽ പ്രത്യേകിച്ചും ഭാര്യയോട് മാന്യമായ വസ്ത്രം ധരിക്കാൻ പറയണം. ഇല്ലെങ്കിൽ അവളുടെ മുഖത്ത് ആസിഡൊഴിക്കുമെന്നായിരുന്നു ഭീഷണി.ഇതിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചുള്ള ഷഹബാസിന്റെ എക്‌സ് പോസ്റ്റിനു പിന്നാലെയാണ് കമ്പനി നടപടി സ്വീകരിച്ചത്. നേരത്തെ കർണാടക ഡിജിപിയെയും മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും ടാഗ് ചെയ്ത് ഇദ്ദേഹം നടപടി ആവശ്യപ്പെട്ടിരുന്നു.ഒരു സ്ത്രീയുടെ വസ്ത്ര തിരഞ്ഞെടുപ്പിനെതിരെ ഭീഷണി മുഴക്കിയ ഗുരുതരമായ വിഷയമാണിതെന്നാണ് എറ്റിയോസ് സർവിസസ് ലിങ്കിഡിനിലൂടെ പ്രതികരിച്ചത്.

ഈ സ്വഭാവം തീർത്തും അസ്വീകാര്യമാണെന്നും കമ്പനി ഉയർത്തിപ്പിടിക്കുന്ന സുപ്രധാന മൂല്യങ്ങൾക്കെതിരെയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.സുരക്ഷിതവും ആദരവുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ കമ്പനി പ്രതിജ്ഞാബദ്ധമായതുകൊണ്ടുതന്നെ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചു കഴിഞ്ഞതായും പ്രസ്താവനയിൽ അറിയിച്ചു. അഞ്ചു വർഷത്തേക്ക് നികിതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. വിഷയത്തിൽ ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കമ്പനി പറഞ്ഞു.എല്ലാ വ്യക്തികളോടുമുള്ള ആദരവും അന്തസ്സും പ്രോത്സാഹിപ്പിക്കുന്നതിലാണ് എറ്റിയോസ് വിശ്വസിക്കുന്നത്. ഏതുതരത്തിലുള്ള അക്രമങ്ങൾക്കും പീഡനങ്ങൾക്കുമെതിരെയാണ് ഞങ്ങൾ.

സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ഈ ഗുണനിലവാരം ഉയർത്തിപ്പിടിക്കാനായി ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും എറ്റിയോസ് സർവിസസ് അറിയിച്ചു.

അതേസമയം, തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി പരാതി നൽകാനാണ് ബെംഗളൂരു സിറ്റി പൊലീസ് പോസ്റ്റിനോട് പ്രതികരിച്ച് എക്‌സിൽ കുറിച്ചത്. നേരത്തെ ബന്ധപ്പെടാനുള്ള നമ്പർ അയയ്ക്കാനും പൊലീസ് ആവശ്യപ്പെട്ടിരുന്നു. യുവാവിനെതിരെ ഇതുവരെ കേസെടുത്തതായുള്ള വിവരമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group