ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കായി ഒരേ തരം ചാര്‍ജര്‍ രാജ്യത്ത് പരിഗണനയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു. യൂണിഫോം ചാര്‍ജര്‍ നടപ്പാക്കുന്നത് പരിശോധിക്കാന്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതായി കേന്ദ്ര പൊതുവിതരണ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ബിനോയ് വിശ്വത്തെ അറിയിച്ചു.
ഇലക്‌ട്രോണിക്സ്, പരിസ്ഥിതി, വാണിജ്യ മന്ത്രാലയങ്ങള്‍, വാണിജ്യ സംഘടനകള്‍, ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെ പ്രതിനിധികളാണ് സമിതിയിലുള്ളത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് യുഎസ്ബി ടൈപ്പ് സി ചാര്‍ജര്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2023 ഡിസംബര്‍ 28 നകം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും 2024 ഡിസംബര്‍ 28ന് പ്രാബല്യത്തില്‍ വരുത്താനും യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു.
ഭൂതക്കോല പരാമര്‍ശം: നടന്‍ ചേതനെതിരായ ക്രിമിനല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി
ബംഗളൂരു: നടന്‍ ചേതന്‍ അഹിംസ നടത്തിയ ‘ഭൂതക്കോല ‘ പരാമര്‍ശവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ ഇടപെടാനാവില്ലെന്ന് കര്‍ണാടക ഹൈകോടതി.ഐ.പി.സി 505 (രണ്ട്) വകുപ്പു പ്രകാരം ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്തത് ചോദ്യംചെയ്ത് ചേതന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് ജസ്റ്റിസ് എം.ഐ. അരുണ്‍ നിലപാട് വ്യക്തമാക്കിയത്.
കാന്താര സിനിമയുമായി ബന്ധപ്പെട്ടാണ് ചേതന്‍ സമൂഹമാധ്യമത്തില്‍ ‘ഭൂതക്കോല’ പരാമര്‍ശം നടത്തിയത്. ‘ഭൂത ക്കോലം’ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നായിരുന്നു വാദം. പ്രസ്തുത പരാമര്‍ശം ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ചേതനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ പൊലീസ് ക്രിമിനല്‍കേസ് ഫയല്‍ ചെയ്തത്.
തന്റെ പ്രസ്താവനയില്‍ മതവികാരത്തെയോ വ്യക്തികളെയോ സമൂഹത്തെയോ വ്രണപ്പെടുത്തുന്ന ഒന്നുമില്ലെന്ന ചേതന്റെ വാദം ഹൈകോടതി അംഗീകരിച്ചില്ല. തന്റെ പ്രസ്താവനയെ അക്കാദമികമായാണ് കാണേണ്ടതെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍, കേസ് അന്വേഷണം നടക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.