ബെംഗളൂരു : ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് കേന്ദ്രീകൃത കമാൻഡ് സെന്റർ തുറന്നു. ഇതോടെ സംസ്ഥാനത്തെ എട്ട് സെൻട്രൽ ജയിലുകളിലും നാല് ജില്ലാ ജയിലുകളിലുമുള്ള സിസിടിവി ദൃശ്യങ്ങളും തടവുകാരുടെ നീക്കവും സമ്പൂർണ നിരീക്ഷണത്തിലായിരിക്കും.ജയിൽ സുരക്ഷ കർശനമാക്കുന്നതിനാണ് ജയിൽ വകുപ്പ് ബെംഗളൂരുവിലെ ആസ്ഥാനത്ത് കമാൻഡ് സെന്റർ തുറന്നത്. സംസ്ഥാനത്തുടനീളമുള്ള ജയിൽ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ഇനി കേന്ദ്രത്തിൽ നടക്കും. സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരിൽനിന്ന് മൊബൈൽ ഫോണുകളും ലഹരി പദാർഥങ്ങ ളും പിടികൂടുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രീകൃത കമാൻഡ് സെന്റർ തുടങ്ങാൻ തീരുമാനിച്ചത്.മുഴുവൻ ജയിലുകളിലെയും എല്ലാ സിസിടിവി നിയന്ത്രണ സംവിധാനങ്ങളും ഇപ്പോൾ ബെംഗളുരുവിൽനിന്ന് കേന്ദ്രീകൃതമായി സംയോജിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യും. ജയിലുകൾക്കുള്ളിലെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം.ജയിലുകളിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ ശരിയായി പരിശോധിക്കുന്നുണ്ടോ, ജീവനക്കാർ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ, പരിസരത്ത് എന്തെങ്കിലും ക്രമരഹിതമോ നിയമവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്നിവ ഉദ്യോഗസ്ഥർക്ക് ബെംഗളൂരുവിലെ ഈ കേന്ദ്രത്തിൽനിന്ന് നിരീക്ഷിക്കാൻ കഴിയും. വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി മുന്നറിയിപ്പുകളും നൽകാനാകും.സെൻട്രൽ കമാൻഡ് സെന്ററിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി ജി. പരമേശ്വർ നിർവഹിച്ചു. ജയിൽ വകുപ്പ് ഡയറക്ടർ ജനറൽ അലോക് കുമാർ സംവിധാനത്തിന്റെ പ്രവർത്തനത്തെയും കഴിവുകളെയും കുറിച്ച് മന്ത്രിക്ക് വിശദീകരിച്ചു.
കമാൻഡ് സെന്ററർ തുറന്നു; ജയിലുകൾ ഇനി സമ്പൂർണ നിരീക്ഷണത്തിൽ
previous post