തിരുവനന്തപുരം: ഒന്നരവര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാനത്തെ കോളജുകള്‍ തിങ്കളാഴ്ച മുതല്‍ സമ്ബൂര്‍ണ അധ്യയനത്തിലേക്ക്. ഒക്ടോബര്‍ നാലുമുതല്‍ പി.ജി വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ക്ലാസ് തുടങ്ങിയിരുന്നു. ഇതിെന്റ തുടര്‍ച്ചയായി ഒക്ടോബര്‍ 18 മുതല്‍ അവശേഷിക്കുന്ന ബിരുദ ക്ലാസുകള്‍ കൂടി തുടങ്ങാനായിരുന്നു തീരുമാനം. മഴക്കെടുതിയെ തുടര്‍ന്ന് സമ്ബൂര്‍ണ അധ്യയനം തുടങ്ങുന്നത് 25ലേക്ക് മാറ്റുകയായിരുന്നു.
പി.ജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയും ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ ബാച്ചുകളാക്കി ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.ക്ലാസുകള്‍ ഒറ്റ സെഷനില്‍ രാവിലെ എട്ടര മുതല്‍ ഉച്ചക്ക് ഒന്നര വരെ നടത്താം. അെല്ലങ്കില്‍ ഒമ്ബത് മുതല്‍ മൂന്നുവരെ/ഒമ്ബതര മുതല്‍ മൂന്നര വരെ/പത്ത് മുതല്‍ നാലുവരെ സമയക്രമങ്ങളിലൊന്ന് സൗകര്യപൂര്‍വം കോളജ് കൗണ്‍സിലുകള്‍ക്ക് തെരഞ്ഞെടുക്കാം. എന്‍ജിനീയറിങ് കോളജുകളില്‍ നിലവിലുള്ള രീതിയില്‍ ആറ് മണിക്കൂര്‍ ദിവസേന ക്ലാസ് നടത്താം.
വിമുഖത മൂലം വാക്സിന് എടുക്കാത്ത അധ്യാപകരെയും വിദ്യാര്‍ഥികളെയും കോളജില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിലുണ്ട്. 18 വയസ്സ് തികയാത്തതിനാല്‍ വാക്സിനെടുക്കാന്‍ കഴിയാത്തവരെയും രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസില്‍ പ്രവേശിപ്പിക്കാം. ഇവരുടെ വീടുകളിലെ 18 വയസ്സിന് മുകളിലുള്ളവര്‍ എല്ലാവരും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന് ഉറപ്പുവരുത്തണം.