മംഗളൂരു: മംഗളൂരുവിൽ വിവാദമായ ലിപ് ലോക്ക് ചലഞ്ച് നടത്തിയ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി. സ്വകാര്യ പിയു കോളജിലെ വിദ്യാർഥികളാണ് സ്വകാര്യ അപ്പാർട്ട്മെന്റിൽ ചുംബന മത്സരം നടത്തിയത്. വീഡിയോ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളതെന്ന് കോളേജ് പ്രിൻസിപ്പൽ പറഞ്ഞു.
അവരിൽ ഒരാളെ ലൈംഗികമായും പീഡിപ്പിച്ചു. ഏഴ് പേരെയാണ് കോളേജ് പുറത്താക്കിയത്. അഞ്ചുപേർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈമാറി. രണ്ടുപേർ ടിസി വാങ്ങിയിട്ടില്ലെന്നും പ്രിൻസിപ്പാൾ അറിയിച്ചു.എല്ലാ വിദ്യാർത്ഥികളും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും കോളേജ് അധികൃതർ പറഞ്ഞു. അടുത്തിടെ നടന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ കഴിയാത്തതിനാൽ ചിലർക്ക് കോളേജിൽ പഠനം തുടരാൻ കഴിയില്ല.
പഠിക്കാൻ അർഹതയുള്ള മറ്റ് മൂന്ന് പേർ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകി. പ്രശ്നത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികളെയും കൗൺസിലിംഗിന് വിധേയമാക്കി. ആരെയും നിർബന്ധിച്ച് പുറത്താക്കിയില്ലെന്നും സ്വമേധായ പോകുകയാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
സയൻസ് വിഭാഗങ്ങളുടെ പ്രവേശന സമയപരിധി അവസാനിച്ചതിനാൽ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലാണ്. കൂടാതെ, സയൻസ് വിദ്യാർത്ഥികൾക്ക് നേരിട്ട് സ്വകാര്യ വിദ്യാർത്ഥികളായി അപേക്ഷിക്കാനും ബോർഡ് പരീക്ഷ എഴുതാനും കഴിയില്ല. പ്രവേശനത്തിനുള്ള അവസാന തീയതി ജൂലൈ 24 ആയിരുന്നു. നിയമമനുസരിച്ച്, പ്രവേശന സമയപരിധി അവസാനിച്ചതിനാൽ ഈ വിദ്യാർത്ഥികൾക്ക് മറ്റ് കോളേജുകളിലും പ്രവേശനം ലഭിക്കില്ല.
എന്നാൽ, പ്രീ-യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി ഡയറക്ടറുടെയും പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെയും പ്രത്യേക അനുമതിയോടെ ഇത് പ്രത്യേക കേസായി പരിഗണിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്താം. അതിനുശേഷം, വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഏത് കോളേജിലും പ്രവേശനം നേടാമെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.