വീടുകൾക്കുള്ളിൽ വെള്ളം കയറി നശിച്ച ഫർണിച്ചറുകളും അടുക്കള ഉപകരണങ്ങളും ശേഖരിക്കാൻ കലക്ഷൻ പോയിന്റുകൾ ആരംഭിച്ചു. ഫർണിച്ചറുകൾ ഉൾപ്പെടെ വഴിയരികിൽ ഉപേക്ഷിക്കുന്നത് വർധിച്ചതോടെയാണ് ഇവ നേരിട്ട് സംസ്കരണ കേന്ദ്രത്തിലെത്തിക്കാൻ ബിബിഎംപി വാർഡ് അടിസ്ഥാനത്തിൽ കലക്ഷൻ പോയിന്റുകൾ ആരംഭിച്ചത്. മഹാദേവപുര സോണിൽ 13 ഇടങ്ങളിലാണ് സെന്ററുകൾ ആരംഭിച്ചത്.
കാടുഗോഡി ഗവൺമെന്റ് പോളിടെക്നിക് കോളജ്, ബേലൂർ അയ്യപ്പക്ഷേത്രം ഗ്രൗണ്ട്, ഹൂഡി വാർഡ് ഓഫിസ്, ഗാരുഡാചർ പാളയ, ദൊഡ്ഡേന കുണ്ഡി വാർഡ് ഓഫിസ്, എഇസി എസ് ലേഔട്ട് വാർഡ് ഓഫിസ്, വൈറ്റ്ഫീൽഡ് ഇന്നർ സർക്കിൾ ഗ്രൗണ്ട്, ഹാഗദൂർ വാർഡ് ഓഫിസ്, വർത്തൂർ ഗവൺമെന്റ് കോളജ് ഗ്രൗണ്ട്, മുനേ കൊലാല, മാറത്തഹള്ളി, ബെലന്തൂർ, ദൊഡകനാലി എന്നിവിടങ്ങളിലെ ഡിസിസി സെന്റർ എന്നിവിടങ്ങളിലാണു കലക്ഷൻ സെന്ററുകൾ.
ആളൊഴിഞ്ഞ വീടുകളിൽ കവർച്ച
വെള്ളം കയറിയ വീടുകളിൽ നിന്നു താമസക്കാർ മാറിയതോടെ കവർച്ചാ സംഘങ്ങളുടെ വിളയാട്ടം. സർജാപുര റെയിൻബോ ഡ്രൈവ് ലേഔട്ടിലെ 3 വില്ലകളിലാണു മോഷണം നടന്നത്. ഇവിടത്തെ താമസക്കാർ കഴിഞ്ഞ ആഴ്ച ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. വ്യവസായിയായ ധർമതേജ, സോഫ്റ്റ്വെയർ എൻജിനീയറായ എൻ.മഞ്ജുനാഥ്, ഉദയഭാസ്കർ എന്നിവരുടെ വീടുകളിലാണു കവർച്ച നടന്നത്. സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണു കവർന്നത്.
വടക്കൻ കർണാടകയിൽ കനത്ത മഴ
ബെംഗളൂരു: വടക്കൻ കർണാടകയിൽ കനത്ത മഴ തു ടരുന്നു. ബെള ഗാവിയിലെ ഹൂളികാട്ടി ഗ്രാമത്തിൽ വീടു തകർന്നു വീണു സ്ത്രീ മരിച്ചു. ഗംഗ മുളിമണി(55) ആണ് മരിച്ചത്. ബെളഗാവി, ബീദർ, റായ്ച്ചൂർ, ബാഗൽ കോട്ട്, ഗാഡഗ്, കലബുറഗി, വിജയപുര, യാദ്ഗിർ ജില്ലക ളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. വരുന്ന 3 ദിവസങ്ങളിൽ മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. ബെളഗാവിയിൽ 7 പാലങ്ങൾ വെള്ളത്തിനടിയിലായി. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ പ്രദേശവാസികളോട് നിർദേശിച്ചിട്ടുണ്ട്.
താൽക്കാലിക കുഴിയടപ്പ്
വെള്ളക്കെട്ടിനെ തുടർന്നു തകർന്ന ഔട്ടർ റിങ് റോഡിൽ കുഴിയടപ്പ് പുനരാരംഭിച്ചു. തകർന്ന റോഡുകളിലൂടെ വാഹനഗതാഗതം ദുഷ്കരമാകുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്തതോടെയാണു താൽക്കാലിക കുഴിയടപ്പ് ആരംഭിച്ചത്. മാറത്തഹള്ളി, ബെലന്തൂർ, ഇബ്ളൂർ എന്നിവിടങ്ങളിലാണു കഴിഞ്ഞ 2 ദിവസങ്ങളിലായി കുഴിയടപ്പ് പുരോഗമിക്കുന്നത്.