ബെംഗളൂരു∙ അശാസ്ത്രീയമായ സമയക്രമം സംബന്ധിച്ച പരാതികൾക്കിടെ ബെംഗളൂരു–കോയമ്പത്തൂർ വന്ദേഭാരത് എക്സ്പ്രസിന്റെ സമയത്തിൽ മാർച്ച് 11 മുതൽ മാറ്റം വരുന്നു. നിലവിൽ ഉച്ചയ്ക്ക് 1.40നു ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുതിയ സമയ പട്ടിക പ്രകാരം 2.20നാണ് പുറപ്പെടുക. കോയമ്പത്തൂരിൽ നിന്ന് പുലർച്ചെ 5ന് പുറപ്പെട്ടിരുന്ന ട്രെയിൻ 7.25നു മാത്രമേ പുറപ്പെടുകയുള്ളൂ. ഡിസംബർ അവസാനം സർവീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് പല ദിവസങ്ങളിലും കാലിയായാണ് ഓടുന്നത്.
ട്രെയിൻ പാലക്കാട് വരെയെങ്കിലും നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തിനും അനുകൂല നടപടി ഉണ്ടായിട്ടില്ല. വന്ദേഭാരതിന് മുൻപ് ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിലെ വേഗമേറിയ ട്രെയിനായ ഉദയ് എക്സ്പ്രസും അരമണിക്കൂറിനുള്ളിൽ തന്നെയാണ് പുറപ്പെടുന്നത്. വന്ദേഭാരത് ദൂരം കുറഞ്ഞ ഹൊസൂർ വഴിയാണെങ്കിൽ ഉദയ് എക്സ്പ്രസ് ബംഗാർപേട്ട്, കുപ്പം വഴിയാണ് സർവീസ് നടത്തുന്നത്. 377 കിലോമീറ്റർ ദൂരം 6 മണിക്കൂർ 25 മിനിറ്റ് കൊണ്ട് വന്ദേഭാരത് എത്തുമ്പോൾ 432 കിലോമീറ്റർ ദൂരം 6 മണിക്കൂർ 45 മിനിറ്റ് കൊണ്ടാണ് ഉദയ് എക്സ്പ്രസ് പിന്നിടുന്നത്.
ഉദയ് എക്സ്പ്രസ് എല്ലാ ദിവസവും :ബെംഗളൂരു–കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് (22666/ 22665) മാർച്ച് 5 മുതൽ എല്ലാ ദിവസവും സർവീസ് നടത്തും. നിലവിൽ ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഉച്ചകഴിഞ്ഞ് 2.15ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 9നു കോയമ്പത്തൂരിലെത്തും. കെആർ പുരം, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ നോർത്ത്, കോയമ്പത്തൂർ ജംക്‌ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്. കോയമ്പത്തൂർ–കെഎസ്ആർ ബെംഗളൂരു ഉദയ് എക്സ്പ്രസ് (22666) രാവിലെ 5.45നു കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30നു ബെംഗളൂരുവിലെത്തും.
കേരളത്തില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെ
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനം അഞ്ചാം വയസ്സില്‍ തന്നെയെന്നുറപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്.ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സ് പൂർത്തിയായ ശേഷം നടത്തണമെന്ന കേന്ദ്ര സർക്കാർ നിർദേശം പാലിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേന്ദ്രനിർദേശം ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ പ്രായോഗിക ബുദ്ധിമുട്ട് അറിയിക്കും.ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് മാനദണ്ഡം കൊണ്ടുവന്നാല്‍ ഒരു വർഷം ഒന്നാം ക്ലാസില്‍ ചേരാൻ വിദ്യാർഥികളില്ലാത്ത സാഹചര്യമുണ്ടാകും. അഞ്ച് വയസ്സ് പൂർത്തിയായ കുട്ടികള്‍ ഇതിനകം ഒന്നാം ക്ലാസിലെത്തിയിട്ടുണ്ട്. ആറ് വയസ്സിലേക്ക് ഇത് മാറ്റിയാല്‍ നിലവില്‍ ഒന്നാം ക്ലാസിലുള്ള കുട്ടികള്‍ക്ക് രണ്ടാം ക്ലാസിലേക്ക് പ്രമോഷൻ നല്‍കാനാവാത്ത അവസ്ഥ വരും.
ഒന്നാം ക്ലാസില്‍ ആറ് വയസ്സ് പൂർത്തിയായ കുട്ടികള്‍ പ്രവേശനത്തിനില്ലാതെയും വരും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ കഴിഞ്ഞ വർഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് എന്ന നിർദേശം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളില്‍ അഞ്ച് വയസ്സില്‍ തന്നെയാണ് ഒന്നാം ക്ലാസ് പ്രവേശനം.