തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് ആവശ്യമായ മരുന്നിന്റെ ഇറക്കുമതി തീരുവയില്‍ ഇളവ് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട മരുന്നിന് 18 കോടി രൂപയോളം ചെലവ് വരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചത്.ആറ് കോടിയോളം രൂപ ഇറക്കുമതി ഇനത്തില്‍ കുറവ് വരുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത സമാന കേസില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് 6 കോടിയോളം ഇളവ് നല്‍കിയിരുന്നു.
നേരത്തെ മുഹമ്മദിന്റെ ചികിത്സയ്ക്കായി 18 കോടി രൂപ ദിവസങ്ങള്‍ക്കകം സ്വരൂപിക്കാന്‍ കഴിഞ്ഞിരുന്നു. പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. എന്നാല്‍ നികുതി തീരുവ എടുത്തുമാറ്റിയാല്‍ 12 കോടി രൂപയോളം മാത്രമ ചെലവ് വരികയുള്ളുവെന്നാണ് വിവരം.
2021 ഫെബ്രുവരി 11ന് മുംബൈ സ്വദേശി ടീരാ കമ്മത്ത് എന്ന് ആറ് മാസം പ്രായമുള്ള കുട്ടിക്ക് വേണ്ടി രാജ്യം മുഴുവന്‍ കൈകോര്‍ത്തിരുന്നു. മുഹമ്മദിന് സമാനമായി സ്‌പൈനല്‍ മസ്‌ക്യുലാര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗബാധിതനായ ടീരയ്ക്ക് വേണ്ടി ആറ് കോടി ഇറക്കുമതി നികുതി ഇനത്തില്‍ ഇളവ് നല്‍കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടത്. പ്രധാനമന്ത്രിയുടെ ഇടപെടല്‍ ദേശീയ തലത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്തുത മരുന്നിന്റെ നികുതി തീരുവ പൂര്‍ണമായും എടുത്തുകളയാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.