ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിൽനിന്ന് കർണാടകത്തിലെ ബൊമ്മസാന്ദ്രയിലേക്ക് മെട്രോ റെയിൽപാത നിർമിക്കുന്നതിന്റെ സാധ്യതാപഠനം നടത്താൻ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) ടെൻഡർ ക്ഷണിച്ചു. യാഥാർഥ്യമാവുകയാണെങ്കിൽ രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ദക്ഷിണേന്ത്യയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോപാതയാവും ഇത്.ഒട്ടേറെ വ്യവസായസ്ഥാപനങ്ങളുള്ള ഹൊസൂരിനെ ഇലക്‌ട്രോണിക് സിറ്റിക്ക് സമീപമുള്ള ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിച്ച് 20.5 കിലോമീറ്റർ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 11.7 കിലോമീറ്റർ കർണാടകത്തിലും 8.8 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. സൗത്ത് ബെംഗളൂരുവിലെ ആർ.വി. റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈൻ ഈ വർഷം ഡിസംബറിൽ തുറക്കും.
അതിന്റെ തുടർച്ചയായാണ് പുതിയ പാത വരുക.ഹൊസൂരിൽ ഇപ്പോൾ അശോക് ലെയ്‌ലൻഡ്, ടൈറ്റൻ, ടി.വി.എസ്. മോട്ടോഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളും 2000-ലേറെ ചെറുകിട വ്യവസായങ്ങളുമുണ്ട്. മെട്രോ പാത വഴി ബെംഗളൂരുവുമായി ബന്ധിപ്പിക്കപ്പെടുന്നതോടെ ഹൊസൂരിന്റെ വ്യവസായ വികസനം വേഗത്തിലാവുമെന്നാണ് സർക്കാർ കരുതുന്നത്.കർണാടകത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവർ ജോലിസ്ഥലത്ത് എത്തുന്നതിന് ഇപ്പോൾ തിരക്കേറിയ ബസുകളെയാണ് ആശ്രയിക്കുന്നത്.
മെട്രോ വന്നാൽ ഇവർക്ക് ഗതാഗതക്കുരുക്കിൽപ്പെടാതെ യാത്ര ചെയ്യാനാവും.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് മെട്രോ പാത നിർമിക്കണമെന്നത് തമിഴ്‌നാടിന്റെ നിർദേശമായിരുന്നു. ഇതിന്റെ സാധ്യതാപഠനം നടത്തുന്നതിന് കഴിഞ്ഞവർഷം കർണാടകം അനുമതി നൽകി. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അംഗീകാരവും അതിന് ലഭിച്ചു. സാധ്യതാപഠനത്തിന് തമിഴ്‌നാട് സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു. ടെൻഡർ നടപടികൾ സെപ്റ്റംബർ ഒന്നിന് ആയിരിക്കുമെന്നാണ് കരുതുന്നത്.
പഠനഫലം അനുകൂലമാണെങ്കിലും പാതയുടെ നിർമാണച്ചെലവ് എങ്ങനെ പങ്കുവെക്കുമെന്നത് രണ്ടു സംസ്ഥാനങ്ങൾക്കുമിടയിൽ തർക്കവിഷയമായി മാറാൻ സാധ്യതയുണ്ട്.രാജ്യത്ത് ഇപ്പോൾ നിലവിലുള്ള മിക്ക മെട്രോപാതകളും ഏതെങ്കിലും സംസ്ഥാനത്തുമാത്രം ഒതുങ്ങുന്നതാണ്. എന്നാൽ, ഡെൽഹി മെട്രോ ഉത്തർപ്രദേശിലെയും ഹരിയാണയിലെയും ചില നഗരങ്ങളെക്കൂടി ബന്ധിപ്പിക്കുന്നുണ്ട്.
രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളിവില കിലോയ്ക്ക് 300 കടക്കുമെന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളിവില കിലോയ്ക്ക് 300 കടക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്.മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയാണ് വില. മൊത്തവ്യാപാരികളുടെ അഭിപ്രായത്തില്‍ വരും ദിവസങ്ങളില്‍ വില 300കടക്കുമെന്നാണ്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉള്ളി, കാരറ്റ്, ഇഞ്ചി, മുളക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.