തിരുവനന്തപുരം : ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ പ്രദർശനത്തിനിടെ സംഘർഷം. തിരുവനന്തപുരത്തെ ഐഎഫ്എഫ്കെ വേദികളിൽ ഒന്നായ ടാഗോർ തിയറ്ററിലായിരുന്നു സംഘർഷം. റിസർവ് ചെയ്തവർക്ക് അടക്കം സീറ്റ് കിട്ടാതെ വന്നതോടെ ഡെലിഗേറ്റുകൾ പ്രതിഷേധിക്കുക ആയിരുന്നു. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധിച്ച രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കൂടി സിനിമ കാണാൻ ഇവർക്ക് അവസരം ലഭിച്ചിരുന്നില്ല. “ഇന്നലെ ഒരുപാട് ട്രൈ ചെയ്ത ശേഷമാണ് റിസർവേഷൻ ടിക്കറ്റ് കിട്ടിയത്. എന്നിട്ട് പോലും രണ്ട് മണിക്കൂറോളം വരി നിന്ന് തിയറ്ററിനുള്ളിൽ കടക്കാറായപ്പോൾ റിസർവ് ചെയ്തവരെയും കയറ്റത്തില്ലെന്ന് പറഞ്ഞു. അൺ റിസർവ്ഡ് ആയ കുറേ പേരെ കയറ്റി. റിസർവ് ചെയ്തവരെ കയറ്റണം എന്നത് ഒരു മര്യാദയാണല്ലോ”, എന്ന് ഡെലിഗേറ്റുകൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇരുപത്തി ഏഴാമത് ഐഎഫ്എഫ്കെയിൽ മത്സരവിഭാഗത്തിൽ രണ്ട് മലയാള സിനിമകളാണ് ഉള്ളത്. ഇതിൽ ഒന്നാണ് നൻപകൽ നേരത്ത് മയക്കം. മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ അറിയിപ്പാണ്. മലയാളികള്‍ ഏറെ കാലമായി കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.
മൂന്ന് ദിവസമാണ് ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുക. 12-ാം തിയതി ടാഗോർ തിയറ്ററിൽ 3. 30നും 13-ാം തിയതി ഉച്ചയ്ക്ക് 12 മണിക്ക് ഏരീസ് പ്ലക്സിലും 14ന് രാവിലെ 9. 30ക്ക് അജന്ത തിയറ്ററിലും ആണ് ചിത്രത്തിന്റെ പ്രദർശനം നടക്കുക. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നന്‍പകല്‍ നേരത്ത് മയക്കം നിര്‍മ്മിക്കുന്നത്. ആമേന്‍ മൂവി മൊണാസ്ട്രിയുടെ ബാനറില്‍ ലിജോയ്ക്കും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിത്തമുണ്ട്. ലിജോയുടെ തന്നെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം തേനി ഈശ്വര്‍, എഡിറ്റിംഗ് ദീപു ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചന്‍, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസല്‍ എ ബക്കര്‍.
ഹരികൃഷ്ണന്‍സിലെ വിവാദമായ ഇരട്ട ക്ലൈമാക്‌സ്; സംഭവിച്ചത് ഇതാണ്.. പ്രതികരിച്ച് മമ്മൂട്ടി
കൊച്ചി: ഒരു കാലത്ത് സിനിമാ പ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ഹരികൃഷ്ണന്‍സ് എന്ന ഫാസില്‍ ചിത്രത്തിന്റെ ക്ലൈമാക്‌സ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ആരാധകരെ ഒരുപോലെ തൃപ്തിപ്പെടുത്തി ചിത്രീകരിച്ച ഇരട്ട ക്ലൈമാക്‌സ് മലയാളികള്‍ക്കിടയില്‍ എന്നും സംസാര വിഷയമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തിയും വടക്കന്‍ കേരളത്തില്‍ മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തിയുമാണ് തീയേറ്ററുകളില്‍ ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്നായിരുന്നു പലരും മനസിലാക്കിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നടന്‍ മമ്മൂട്ടി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഹരികൃഷ്ണന്‍സ് ചിത്രത്തിലെ ഇരട്ട ക്ലൈമാക്‌സ് പ്രചാരണോപാധി മാത്രമായിരുന്നുവെന്ന് മമ്മൂട്ടി പറയുന്നു. ഒരേ പ്രേക്ഷകനെ രണ്ടുതവണ തീയേറ്ററുകളില്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രിന്റ് അയച്ചവര്‍ക്ക് പറ്റിയ പിശകാണ് ഒരേ ക്ലൈമാക്‌സ് ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെത്താന്‍ ഇടയാക്കിയതെന്നും മമ്മൂട്ടി പറഞ്ഞു. ഗോവ ഗവര്‍ണറായ പി.എസ് ശ്രീധരന്‍പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് ഉദ്ഘാടനം ചെയ്ത ജസ്റ്റിസ് സിറിയക് ജോസഫ് ‘ഹരികൃഷ്ണന്‍സ്’ എന്ന സിനിമയെക്കുറിച്ച് പരാമര്‍ശം നടത്തിയപ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
“ഹരിയും കൃഷ്ണനും രണ്ട് പേരാണ്. രണ്ട് പേരും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പ്രേമിക്കുന്നു. ഒടുവില്‍ ആ പെണ്‍കുട്ടി ആരെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് കഥയുടെ അവസാന ഭാഗം. അന്നത്തെ കാലത്ത് സിനിമയുടെ പ്രചാരണോപാധിയായി രണ്ടുതരം അന്ത്യങ്ങള്‍ വെച്ചിരുന്നു. ഒന്ന് കൃഷ്ണന് കിട്ടുന്നതും മറ്റൊന്ന് ഹരിക്ക് കിട്ടുന്നതും. അതിങ്ങനെ പ്രത്യേക സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് കരുതി ചെയ്തതല്ല. ഒരു നഗരത്തില്‍ തന്നെ രണ്ട് തീയേറ്ററുകളില്‍ രണ്ട് തരം കഥാന്ത്യങ്ങള്‍ ഉണ്ടാകുമ്ബോള്‍ രണ്ട് ക്ലൈമാക്‌സും കാണാന്‍ ആളുകള്‍ തീയേറ്ററില്‍ വരുമെന്ന ഒരു ദുര്‍ബുദ്ധിയോട് കൂടി അഥവാ സുബുദ്ധിയോട് കൂടി ചെയ്ത കാര്യമാണ്. ” മമ്മൂട്ടി പറഞ്ഞു.
ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. 1998ല്‍ പുറത്തിറങ്ങിയ ചിത്രം ഇരട്ട ക്ലൈമാക്‌സിന്റെ പേരില്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയെക്കുറിച്ച് പരാമര്‍ശമുണ്ടായപ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു മമ്മൂട്ടി.