- പുകയില (Tobacco) ഇല്ലാതെ ഈ ലോകം മുന്നോട്ടുപോകുമോ? ഓരോ വര്‍ഷവും എട്ട് ദശലക്ഷം ആളുകളെയാണ് പുകയില ഉത്പ്പന്നങ്ങള്‍ കൊന്നെടുക്കുന്നത്.വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളും ഫിലിപ്പ് മോറിസ് (Philip Morris) ഉള്‍പ്പെടെയുള്ള പുകയില വ്യവസായ കമ്ബനികളും ഈ വര്‍ഷവും പുകയില വിരുദ്ധ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. പുകയിലെ ഉത്പ്പന്നങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇതെല്ലാം പുകവലിയില്‍ (Smoking)എന്തെങ്കിലും വ്യത്യാസം വരുത്തുമോ? എന്നാല്‍ പുകയില വരും വര്‍ഷങ്ങളില്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ചില അഭ്യൂഹങ്ങള്‍ നല്‍കുന്ന സൂചന.
ന്യൂസിലന്‍ഡും (New Zealand) പുകയില വിമുക്ത ഭാവിയുടെ പ്രതീക്ഷ പങ്കുവെയ്ക്കുന്നു. 2025 ഓടു കൂടി പുകവലി ഇല്ലാതാക്കുന്നതിനായി 2021 ഏപ്രിലില്‍ ന്യൂസിലന്‍ഡ് സല്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചിരുന്നു. ഏപ്രില്‍ 15നും മെയ് 31നും ഇടയില്‍ 5100 ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. അതിന്റെ ഫലങ്ങള്‍ ഇപ്പോഴും വിശകലനം ചെയ്യുകയാണ്. കൂടാതെ, 2004 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ച എല്ലാവര്‍ക്കും സിഗരറ്റ് വില്‍ക്കുന്നത് നിരോധിക്കുന്ന കാര്യവും ന്യൂസിലന്‍ഡ് പരിഗണിക്കുന്നുണ്ട്.
അടുത്തിടെ, ആശ്ചര്യകരമായ ഒരു സംഭവവും ഉണ്ടായി. പുകയില കമ്ബനിയായ ഫിലിപ് മോറിസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജാസെക് ഒള്‍സാക്, കഴിഞ്ഞ ജൂലൈയില്‍ സണ്‍ഡേ ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ 2030 ഓടെ സിഗരറ്റ് വില്‍പ്പന അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ” സിഗരറ്റ് ഇല്ലാത്ത ഒരു ലോകത്തെ നമുക്ക് കാണാന്‍ കഴിയണം. അത് എത്രയും വേഗത്തില്‍ സംഭവിക്കുന്നോ അത്രയും നല്ലത്” അദ്ദേഹം പറഞ്ഞു. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കമ്ബനി യു കെയില്‍ സിഗരറ്റ് വില്‍പ്പന നിര്‍ത്തുമെന്നും സിഇഒ പറഞ്ഞു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്ബ്, 10-15 വര്‍ഷത്തിനുള്ളില്‍ ജാപ്പനീസ് വിപണിയില്‍ നിന്ന് സിഗരറ്റുകള്‍ പിന്‍വലിക്കാന്‍ ഫിലിപ്പ് മോറിസ് ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ജാസെക് ഒള്‍സാക് ജപ്പാന് സന്ദേശം നല്‍കിയിരുന്നു. ” ജപ്പാനിലെ വിവിധ ആരോഗ്യ-വ്യവസായ മന്ത്രാലയങ്ങള്‍ സഹകരിച്ചാല്‍ 10 വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് ജപ്പാനെ പുകവലി രഹിതമാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു” അദ്ദേഹം നിക്കി ഏഷ്യ മാധ്യമത്തോട് പറഞ്ഞു.
എന്നാല്‍, മാധ്യമങ്ങളില്‍ ഇത്തരം കമ്ബനികള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ കാപട്യമായാണ് ചില പുകവലി വിരുദ്ധ സംഘടനകള്‍ വിലയിരുത്തുന്നത്. ഫിലിപ്പ് മോറിസ് മാര്‍ബോറോ, എല്‍ ആന്‍ഡ് എം ഫിലിപ് മോറിസ്, ചെസ്റ്റര്‍ഫീല്‍ഡ് എന്നീ ബ്രാന്‍ഡുകള്‍ പുകവലിക്ക് പകരമുള്ള മാര്‍ഗ്ഗങ്ങള്‍ക്കായി നിരവധി ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആസ്തമയ്‌ക്കെതിരായ മെഡിക്കല്‍ ഇന്‍ഹേലറുകള്‍ ഉള്‍പ്പെടെ ഉത്പ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളും ഫിലിപ്പ് മോറിസ് വാങ്ങിയിട്ടുണ്ട്. ഇല്കട്രോണിക് സിഗരറ്റുകളുടെ എതിരാളിയായി ചൂടാക്കിയ ഐക്യുഒഎസ് പുകയില ഉത്പ്പന്നങ്ങളും ഫിലിപ്പ് മോറിസ് പുറത്തിറക്കിയിട്ടുണ്ട്. 2015 ഓടു കൂടി 50 ശതമാനത്തിലധികം ലാഭം പുകയിലരഹിത ഉത്പ്പന്നങ്ങളില്‍ നിന്ന് സ്വന്തമാക്കുക എന്നതാണ്കമ്ബനിയുടെ പുതിയ ലക്ഷ്യം.