ബംഗളൂരു: ബംഗളൂരുവില്‍ ബൈബിള്‍ വിതരണം ചെയ്ത ക്രിസ്ത്യന്‍ മിഷനറി സംഘത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഡിസംബര്‍ 23ന് ക്രിസ്മസിനോടനുബന്ധിച്ച് മല്ലേശ്വരം ഭാഗത്ത് ബൈബിളും ചോക്ലേറ്റുകളും വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം.
ഒരു സ്ത്രീയാണ് ആദ്യം ബൈബിള്‍ വിതരണത്തിനെതിരെ ബഹളം വെച്ചത്. ഇതോടെ എത്തിയ ആള്‍ക്കൂട്ടം സംഘത്തെ ആക്രമിക്കുകയും കാറിലിരുന്ന ബൈബിള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞങ്ങളുടെ പ്രദേശത്ത് ബൈബിള്‍ വിതരണം ചെയ്യാന്‍ നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നെന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് വായിക്കാന്‍ ഭഗവത്ഗീത നല്‍കട്ടെയെന്നും ആള്‍ക്കൂട്ടം ചോദിച്ചതായി മിഷനറി സംഘം ആരോപിച്ചു. തങ്ങള്‍ ആര്‍ക്കും നിര്‍ബന്ധിച്ച് ബൈബിള്‍ കൈമാറിയിട്ടില്ലെന്ന് സംഘാംഗമായ റെബേക്ക പറഞ്ഞു. സംഭവത്തില്‍ അഖില ഭാരത് ക്രിസ്ത മഹാസഭ അപലപിച്ചു. കര്‍ണാടകയില്‍ സമാധാനത്തോടെ ക്രിസ്മസ് ആഘോഷിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു.
മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സജീവ രാഷ്ട്രീയം വിട്ടു
ബംഗളൂരു: മുന്‍ കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. ആധുനിക കര്‍ണാടകയുടെ ശില്‍പിയായാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. അടുത്തിടെ അസുഖത്താല്‍ ആരോഗ്യനില വഷളായ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മുന്‍കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ പിന്നീട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.