ബെംഗളൂരു:ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.ആർ.സി.ഐ.) വനിതാഹോസ്റ്റലിലെ 47 വിദ്യാർഥിനികൾ വയറിളക്കം, നിർജലീകരണം എന്നിവയെത്തുടർന്ന് ആശുപത്രിയിൽ. പത്തിലേറെ മലയാളി വിദ്യാർഥിനികളും ചികിത്സയിലുണ്ട്. വിക്ടോറിയ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലും 28 പേർ ട്രോമാകെയർ സെന്ററിലുമാണുള്ളത്.ചില വിദ്യാർഥിനികൾക്ക് കോളറ സ്ഥിരീകരിച്ചതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളേജധികൃതർ ഇക്കാര്യം അറിയിച്ചിട്ടില്ല. കോളറയാണോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്തിരിക്കയാണെന്നാണ് ആശുപത്രിയധികൃതർ പറയുന്നത്.
എം.ബി.ബി.എസ്., പി.ജി. വിദ്യാർഥിനികളാണ് ചികിത്സയിലുള്ളത്. അതേസമയം, ഹോസ്റ്റലിലെ 68 വിദ്യാർഥികളെയാണ് കോളറ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മലയാളി വിദ്യാർഥിനിയുടെ ബന്ധു ‘മാതൃഭൂമി’യോട് പറഞ്ഞു. ഹോസ്റ്റലിലെ വൃത്തിഹീനമായ സാഹചര്യമാണ് വിദ്യാർഥിനികളുടെ ആരോഗ്യസ്ഥിതി മോശമാക്കിയതെന്ന് കർണാടക അസോസിയേഷൻ ഓഫ് െറസിഡന്റ് ഡോക്ടേഴ്‌സ് അംഗങ്ങൾ ആരോപിച്ചു. കുടിവെള്ളക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ കോളറ ലക്ഷണങ്ങളോടെ വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. കഴിഞ്ഞദിവസം ബെംഗളൂരു മല്ലേശ്വരത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്നയാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നു.
ഒരു കുഞ്ഞിന് അഞ്ച് ലക്ഷം; ആശുപത്രിയില്‍ നിന്ന് ആവശ്യക്കാരിലേക്ക്; കുട്ടിക്കടത്ത് റാക്കറ്റിനെ തകര്‍ത്ത് സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: കുട്ടിക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐക്ക് ലഭിച്ചത് നിർണ്ണായക വിവരങ്ങള്‍. ഡല്‍ഹിയിലെ കേശവ്പുരം മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.റെയ്ഡിനിടെ ഒരു വീട്ടില്‍ നിന്ന് രണ്ട് നവജാത ശിശുക്കളെ അന്വേഷണ സംഘം രക്ഷപ്പെടുത്തിയിരുന്നു. നവജാതശിശുക്കള്‍ക്കായി 4 മുതല്‍ 5 ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നതെന്ന് അറസ്റ്റിലായവർ മൊഴി നല്‍കി.കുഞ്ഞുങ്ങളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നിലവില്‍ പുരോഗമിക്കുന്നത്.
മനുഷ്യക്കടത്ത് സംഘം ആശുപത്രിയില്‍ നിന്നാണ് നവജാത ശിശുക്കളെ കടത്തുന്നതെന്നാണ് സൂചന.ആശുപത്രിയിലെ വാർഡ് ബോയ് ഉള്‍പ്പെടെ കേസില്‍ ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. കുട്ടികളെ വിറ്റ യുവതിയേയും വാങ്ങിയ ആളെയും അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടോളം കുഞ്ഞുങ്ങളെ സംഘം കൈമാറിയതായാണ് വിവരം.