Home Featured മൊബൈലുമായി വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകള്‍ കണ്ടതോടെ തിരച്ചില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ നെഞ്ചു തകര്‍ന്ന് വള്ളുവമ്ബ്രം ഗ്രാമം

മൊബൈലുമായി വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ അന്വേഷണം; ക്വാറിക്ക് സമീപം ചെരുപ്പുകള്‍ കണ്ടതോടെ തിരച്ചില്‍; മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെ നെഞ്ചു തകര്‍ന്ന് വള്ളുവമ്ബ്രം ഗ്രാമം

മലപ്പുറം: മലപ്പുറത്തെ വള്ളുവമ്ബ്രം ഗ്രാമത്തിന്റെ നെഞ്ചു തകര്‍ത്ത് കുരുന്നുകളുടെ ദുരന്തവാര്‍ത്ത.വള്ളുവമ്ബ്രം മാണിപ്പറമ്ബില്‍ സഹോദരങ്ങളുടെ മക്കള്‍ വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി രണ്ട് കുട്ടികളാണ് ദാരുണമായി മരിച്ചത്. മാണിപ്പറമ്ബിലെ ചെമ്ബേക്കാട് രാജന്റെ മകള്‍ അര്‍ച്ചന (15), സഹോദരന്‍ വിനോദിന്റെ മകന്‍ ആദിദേവ് (4) എന്നിവരാണ് മരിച്ചത്.

ഇന്നു രാവിലെ ഒമ്ബതരമണിയോടെ മാണിപ്പറമ്ബിലെ വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലാണ് അപകടം. വെള്ളക്കെട്ടിലേക്ക് അബദ്ധത്തില്‍ വീണ ആദിത്യദേവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അര്‍ച്ചനയും മുങ്ങി മരിച്ചത്. വണ്ടൂര്‍ ഗവണ്‍മന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. വണ്ടൂര്‍ നടുവത്ത് കുമ്മാളിപ്പടിയില്‍ മാതാവ് സുനിതയുടെ വീട്ടിലാണ് അര്‍ച്ചന താമസിച്ചു വരുന്നത്. ആദിത്യദേവിന്റെ ഇളയ സഹോദരന്റെ 28 ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അര്‍ച്ചന.

വീട്ടില്‍ നിന്ന് രാവിലെ ഒമ്ബതോടെ ബന്ധുവിന്റെ മൊബൈലുമായി പുറത്തിറങ്ങിയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വാറിയിലെ വെള്ളക്കെട്ടിന് സമീപം മൊബൈലും ചെരിപ്പുകളും കണ്ടെത്തുകയായിരുന്നു. ഉടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ വെള്ളക്കെട്ടിലിറങ്ങി നടത്തിയ തിരച്ചിലില്‍ രണ്ട് കുട്ടികളെയും കണ്ടെടുത്തു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാണിപ്പറമ്ബ് അങ്കണവാടി വിദ്യാര്‍ത്ഥിയാണ് മരിച്ച ആദിത്യ ദേവ്. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അര്‍ച്ചന. മാതാവ്: സുനിത. സഹോദരന്‍: അര്‍ജുന്‍. സൗമ്യയാണ് ആദിദേവിന്റെ അമ്മ. 40 ദിവസം പ്രായമായ സഹോദരനുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇരുവരെയും മാണിപ്പറമ്ബിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group