മുഹമ്മ: പഠനമികവിന്റെ നേട്ടത്തിൽ കുടുബശ്രീയുടെ ചിറകിലേറി കുട്ടികൾ ആദ്യമായി വിമാനയാത്ര നടത്തി. മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിലെ മിടുക്കരാണ് ബെംഗളൂരുവിലേക്കു പറന്നത്. ഇത്തവണ എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരും മികച്ച നിലയിൽ വിജയിച്ചവരുമാണിവർ.വ്യാഴാഴ്ച രാവിലെ ഏഴിനു നെടുമ്പാശ്ശേരിയിൽനിന്നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് 11 കുട്ടികളും 10 കുടുംബശ്രീ പ്രവർത്തകരുംചേർന്ന സംഘം ബെംഗളൂരുവിലേക്കു പോയത്.
അവിടെ എട്ടുമണിയോടെ എത്തിയ സംഘം ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിച്ചു. പ്രധാനയിടങ്ങൾ ചുറ്റിക്കണ്ടു. മെട്രോ തീവണ്ടിയിലും കയറി. പിന്നീട് ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ബെംഗളൂരു-കൊച്ചുവേളി തീവണ്ടിയിൽ നാട്ടിലേക്ക്.സംഘത്തിലെ മുഴുവൻപേരും ആദ്യമായി വിമാനത്തിൽ കയറുന്നവരാണ്. യാത്രയ്ക്കു വാർഡംഗം ലതീഷ് ബി. ചന്ദ്രൻ, എ.ഡി.എസ്. പ്രസിഡന്റ് സുബിതാ നസീർ, സെക്രട്ടറി ഷീലാ ഷാജി എന്നിവർ നേതൃത്വം നൽകി.
പഴയ ദിനപത്രങ്ങൾ ശേഖരിച്ചും ആക്രി സാമഗ്രികൾ സമാഹരിച്ചുമാണ് യാത്രയ്ക്കുള്ള പണം കുടുംബശ്രീ അംഗങ്ങൾ കണ്ടെത്തിയത്. മികച്ചവിജയം നേടുന്നവർക്കു വിമാനയാത്ര ഒരുക്കുമെന്ന കുടുംബശ്രീ എ.ഡി.എസിന്റെ വാഗ്ദാനമാണു നടപ്പായത്.
ശക്തി യാത്ര: കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കണമെന്ന് മന്ത്രി
ശക്തി പദ്ധതി നടപ്പായതോടെ ബസുകളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സ്ത്രീകളോട് കൂട്ടമായി യാത്രചെയ്യുന്നത് ഒഴിവാക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി. പദ്ധതി അടുത്ത അഞ്ച് വർഷം തുടരും. അതിനനുസരിച്ച് യാത്ര ആസൂത്രണം ചെയ്ത് പദ്ധതി ഉപയോഗപ്പെടുത്തണം. ബസുകളിൽ തിരക്കുണ്ടാകുന്നത് ഒഴിവാക്കണം.-അദ്ദേഹം പറഞ്ഞു. ബസുകളിൽ വലിയ ജനക്കൂട്ടമുണ്ടാകുന്നത് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും സമ്മർദത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.