ബെംഗളൂരുവിലും കൊച്ചിയിലുമൊക്കെ ഇപ്പോള്‍ പിങ്ക് വസന്തത്തിന്റെ കാലമാണ്. കൊച്ചിയുടെയും ബെംഗളൂരുവിന്റെയും പല ഭാഗങ്ങളിലും റോഡരികിലുള്ള ഇളം പിങ്ക് നിറത്തിലുള്ള പൂമരങ്ങള്‍ അതിമനോഹരമായ കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.’ടാബേബൂയ റോസിയ’ എന്ന സസ്യമാണ് കൊച്ചിയുടെയും ബെംഗളൂരുവിന്റെയും തെരുവുകളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്. നിരവധി ആളുകളാണ് ഇതു കാണാനായി ദിനംപ്രതി എത്തുന്നത്. സമൂഹ മാധ്യമങ്ങളിലും വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

എന്നാല്‍ ഈ പൂക്കാലം നഗരവാസികള്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകുന്നു. റോസി ട്രമ്പറ്റ് മരങ്ങള്‍ പൂത്തുനില്‍ക്കുന്ന ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് വായുവിലെ പൂമ്പൊടിയുടെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. നിലവില്‍ ബെംഗളൂരു നഗരത്തിലെ ആശുപത്രികളില്‍ ഒഫ്താല്‍മോളജി വിഭാഗങ്ങളില്‍ എത്തുന്ന രോഗികളില്‍ 30 മുതല്‍ 40 ശതമാനം വരെ ആളുകള്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുമായാണ് വരുന്നത്.ഈ പൂമരങ്ങളില്‍ നിന്ന് പുറത്തുവരുന്ന വരണ്ട, കാറ്റിലൂടെ പകരുന്ന പൂമ്പൊടി കണ്ണ് അലര്‍ജിക്ക് പ്രധാന കാരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ണുകളില്‍ കടുത്ത ചൊറിച്ചില്‍, ചുവപ്പ് നിറം, വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. കുട്ടികളിലും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന യുവാക്കളിലുമാണ് ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്. കണ്ണ് തുടര്‍ച്ചയായി തിരുമ്മുന്നത് കോര്‍ണിയയുടെ ബലക്ഷയത്തിന് കാരണമാകുമെന്നും ഇത് കാഴ്ചയെ ബാധിക്കുന്ന ‘കെരാട്ടോക്കോണസ്’ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകള്‍ക്കും കണ്ണുകളില്‍ കുരുക്കള്‍ വരാനും സാധ്യതയുണ്ട്.അതിനാല്‍ കണ്ണുകളില്‍ അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. പുറത്തിറങ്ങുമ്പോള്‍ സംരക്ഷണ കണ്ണടകള്‍ ധരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഇത് പൂമ്പൊടി നേരിട്ട് കണ്ണില്‍ പതിക്കുന്നത് തടയാന്‍ സഹായിക്കും.ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുക. ഇത് കോര്‍ണിയയ്ക്ക് പോറലുകള്‍ ഏല്‍പ്പിക്കാനും അണുബാധ വര്‍ധിക്കാനും കാരണമാകും. പുറത്തുനിന്ന് വന്നാലുടന്‍ വൃത്തിയുള്ള തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ കഴുകുന്നത് പറ്റിപ്പിടിച്ചിരിക്കുന്ന പൂമ്പൊടികളെ നീക്കം ചെയ്യാന്‍ സഹായിക്കും.പൂമ്പൊടി വായുവില്‍ കൂടുതലായി കാണപ്പെടുന്ന സമയങ്ങളില്‍, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും വീടിന്റെയും വാഹനങ്ങളുടെയും ജനലുകള്‍ അടച്ചിടുന്നത് അലര്‍ജി കുറയ്ക്കാന്‍ സഹായിക്കും.