ചെന്നൈ :സംസ്ഥാനത്ത് സൈബർ കുറ്റവാളികൾ ഉയർന്ന ജോലിയുള്ളവരെയും വിരമിച്ച വരെയും ലക്ഷ്യമിട്ട് പുതിയ തട്ടിപ്പുകളുമായി രംഗത്തെത്തിയെന്നു പൊലീസിന്റെ മുന്നറിയിപ്പ്. ഒടിപി, ക്യുആർ കോഡ്, കെവൈസി അപ് ഡേറ്റിനുള്ള ലിങ്ക് തുടങ്ങിയവ അയച്ച് നടത്തുന്ന തട്ടിപ്പുകൾക്കു പുറമേ സ്ത്രീകളുടെ ഫോട്ടോ പ്രൊഫൈൽ ചിത്രമാക്കി സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന തട്ടിപ്പുകളാണ് പ്രധാനം.
സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിക്കുന്ന ആപ്പുകൾ ഉപയോഗിച്ചാണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നത്. വിദേശ വനിതകളുടെ ഫോട്ടോ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തിൽ സംസാരിക്കുകയും തങ്ങൾ ഇന്ത്യയിൽ വന്ന് നിക്ഷേപം നടത്താൻ പദ്ധതിയിടുകയാണെന്ന് വിശ്വസിപ്പിച്ച് നടത്തുന്ന തട്ടിപ്പുകളുമുണ്ട്. വിശ്വാസം ആർജിച്ച ശേഷം പല കാരണങ്ങൾ പറഞ്ഞ് അക്കൗണ്ടിലേക്ക് ചെറിയ ഒരു തുക അയയ്ക്കാൻ ആവശ്യപ്പെടുന്നു. പിന്നീട് പല ആവശ്യങ്ങൾക്കായി കൂടുതൽ തുകകൾ കൈക്കലാക്കുകയാണ് ഇത്തരക്കാരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.വിദേശത്തു ജീവിക്കുന്ന ആളെന്ന് നടിച്ച് സംയുക്ത കയറ്റുമതി സംരംഭങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളുടെ പേരിൽ പണം തട്ടുന്ന സംഘങ്ങളുമുണ്ട്. അതിനാൽ സാമൂഹിക മാധ്യമങ്ങളിൽ ആശയവിനിമയം നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിക്കുന്നു. ബിസിനസ്, വിവാഹം തുടങ്ങിയവ സംബന്ധിച്ച് വിശദമായ അന്വേഷണങ്ങൾ നടത്തമെന്ന് ചെന്നൈ പൊലീസ് കമ്മിഷണർ ശങ്കർ ജിവാൾ നിർദേശിച്ചു.