കനത്ത മഞ്ഞിനിടെ ടേക്ക് ഓഫ് ശ്രമത്തിനിടെ തകർന്നത് ചാർട്ടർ സർവീസുകാരുടെ പ്രിയ വിമാനം. റണ്‍വേയില്‍ കത്തിക്കരിഞ്ഞത് 7 പേർ.ഒരാള്‍ക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ മെയിനില്‍ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിലാണ് ഏഴ് പേർ കൊല്ലപ്പെട്ടത്. ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എട്ട് യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബോംബാർഡിയർ ചലഞ്ചർ 600 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 11 പേർക്ക് വരെ സഞ്ചരിക്കാവുന്ന വിശാലമായ വിമാനം ചാർട്ടേഡ് വിമാന സർവ്വീസുകാരുടെ പ്രിയപ്പെട്ട വിമാനമാണ്.
അപകടത്തില്‍ നിന്ന് ഗുരുതര പരിക്കേറ്റ വ്യക്തി ക്യാബിൻ ക്രൂവില്‍ ഒരാളാണ്. യാത്രക്കാരെല്ലാം കൊല്ലപ്പെട്ടു. ചൊവ്വാഴ്ച വരെ അതിശക്തമായ ഹിമക്കാറ്റും മഞ്ഞുവീഴ്ചയും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സംസ്ഥാനത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് ശ്രമിക്കുമ്പോള്‍ കാഴ്ചാ പരിമിതിയേക്കുറിച്ച് പൈലറ്റ് എയർ ട്രാഫിക് കണ്‍ട്രോളിനോട് പരാതിപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞ് തീപ്പിടിച്ചത്. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല. ടെക്സാസിലെ ഹൂസ്റ്റണിലുള്ള ഒരു നിയമ സ്ഥാപനത്തിന് കീഴില്‍ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്നത്. അമേരിക്കയുടെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച ശക്തമാവുന്നതിനിടെയാണ് അപകടം. അപകടമുണ്ടായ സമയത്ത് കാഴ്ചാ പരിമിതി വളരെ കുറവായിരുന്നുവെന്നാണ് വിവരം. അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ വൈദ്യുതി പോലുമില്ലാത്ത അവസ്ഥയാണ് നേരിടുന്നത്.വിമാനത്താവളത്തില്‍ കാഴ്ചാപരിമിതി നേരിടുന്നത് ടേക്ക് ഓഫിനും ലാൻഡിംഗിനും വെല്ലുവിളി സൃഷ്ടിക്കുന്നതായി പൈലറ്റുമാർ നേരത്തെ പരാതിപ്പെട്ടിരുന്നു.ചൊവ്വാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചാ മുന്നറിയിപ്പാണ് മെയിനില്‍ നല്‍കിയിട്ടുള്ളത്. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. ഞായറാഴ്ച കനത്ത മഞ്ഞില്‍ അമേരിക്കയില്‍ 5500 ലേറെ വിമാന സർവ്വീസാണ് വൈകിയത്. 11000ത്തോളം സർവ്വീസുകള്‍ റദ്ദാക്കേണ്ടിയും വന്നിരുന്നു. ഫിലാഡെല്‍ഫിയ, വാഷിംഗ്ടണ്‍ ഡിസി, ബാള്‍ട്ടിമോർ, നോർത്ത് കരോലിന, ന്യൂ യോർക്ക്, ന്യൂ ജേഴ്സി അടക്കമുള്ള വിമാനത്താവളങ്ങളുടെ പ്രവർത്തനം മഞ്ഞുവീഴ്ചയില്‍ സാരമായി ബാധിച്ചിട്ടുണ്ട്.