Home Featured മെഡിക്കല്‍ ബിരുദ, പി.ജി കോഴ്സ്; പ്രവേശനം കേന്ദ്രത്തിലൂടെ മാത്രം

മെഡിക്കല്‍ ബിരുദ, പി.ജി കോഴ്സ്; പ്രവേശനം കേന്ദ്രത്തിലൂടെ മാത്രം

തിരുവനന്തപുരം: രാജ്യത്തെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലെയും പി.ജി, യു.ജി കോഴ്സുകളില്‍ പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ പൊതുപ്രവേശന കൗണ്‍സലിങ് നടപ്പാക്കുന്നു.ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാറുകള്‍ സ്റ്റേറ്റ് ക്വോട്ടയില്‍ എം.ബി.ബി.എസ്, എം.ഡി/ എം.എസ്/ ഡിേപ്ലാമ കോഴ്സുകളിലേക്ക് നടത്തുന്ന അലോട്ട്മെന്‍റും കേന്ദ്രം ഏറ്റെടുക്കും. ഇതുസംബന്ധിച്ച്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് സംസ്ഥാനങ്ങള്‍ക്കും ആരോഗ്യ സര്‍വകലാശാലകള്‍ക്കും കത്തയച്ചു.

സംസ്ഥാന ക്വോട്ട സീറ്റുകളിലെ പ്രവേശനത്തില്‍ പിന്തുടരുന്ന സംവരണ മാനദണ്ഡങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംവരണ മാനദണ്ഡങ്ങളില്‍ വ്യക്തമായ അറിവുള്ള ഒരാളെ നോഡല്‍ ഓഫിസറായി നിര്‍ദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ മെഡിക്കല്‍ യു.ജി, പി.ജി കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ ക്വോട്ട സീറ്റുകളില്‍ പ്രവേശനം നടത്തുന്ന മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി) വഴി സംസ്ഥാന ക്വോട്ടയിലെ മുഴുവന്‍ സീറ്റുകളിലേക്കും അലോട്ട്മെന്‍റ് നടത്താനാണ് കേന്ദ്ര നിര്‍ദേശം.

ഫലത്തില്‍ രാജ്യത്ത് എം.ബി.ബി.എസ്, എം.ഡി/എം.എസ്/ഡിേപ്ലാമ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും കേന്ദ്ര നിയന്ത്രണത്തിലാകും. നിലവില്‍ എം.ബി.ബി.എസിന്‍റെ 85 ശതമാനം സീറ്റുകളും പി.ജി കോഴ്സുകളിലെ 50 ശതമാനം സീറ്റുകളിലും സംസ്ഥാന സര്‍ക്കാറുകളാണ് പ്രവേശനം നടത്തുന്നത്. ഇതിനു പുറമെ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും സംസ്ഥാന സര്‍ക്കാര്‍തന്നെയാണ് പ്രവേശനം നടത്തുന്നത്.എം.ബി.ബി.എസ് പ്രവേശനത്തിന് നിലവില്‍ 15 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട സീറ്റുകളുള്ളത്. പി.ജി കോഴ്സുകളില്‍ 50 ശതമാനമാണ് അഖിലേന്ത്യ ക്വോട്ട. സംസ്ഥാന ക്വോട്ടയില്‍ ശേഷിക്കുന്ന മുഴുവന്‍ സീറ്റും കേന്ദ്രം ഏറ്റെടുത്ത് ഒറ്റ കൗണ്‍സലിങ് നടത്താനാണ് പദ്ധതി.

ഏതു വര്‍ഷം മുതല്‍ ഇതു നടപ്പാക്കുമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. പ്രവേശന നടപടികള്‍ ലളിതമാക്കാനുള്ള വിവിധ കോടതികളുടെ നിര്‍ദേശം പരിഗണിച്ചാണ് സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കുള്ള പ്രവേശനം കൂടി ഏറ്റെടുക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച കത്തില്‍ പറയുന്നു.

എയിംസ്, ജിപ്മെര്‍, കേന്ദ്രസര്‍വകലാശാലകള്‍, കല്‍പിത സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും നിലവില്‍ കേന്ദ്രസര്‍ക്കാര്‍ അലോട്ട്മെന്‍റ് നടത്തുന്നതും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശീയ മെഡിക്കല്‍ കമീഷനുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും ഡയറക്ടര്‍ ജനറല്‍ കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് സെക്രട്ടറിമാര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group