തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെയുള്ള മഴയ്ക്കാണു സാധ്യത. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലര്‍ട്ട്
ജൂലൈ 10: കണ്ണൂര്‍, കാസര്‍കോട്
യെല്ലോ അലര്‍ട്ട്
ജൂലൈ 7: ആലപ്പുഴ, എറണാകുളം, ഇടുക്കി
ജൂലൈ 8: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്
ജൂലൈ 9: എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ജൂലൈ 10: മലപ്പുറം, കോഴിക്കോട്, വയനാട്
2018, 2019, 2020 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കൊണ്ടുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കണം.
വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വയ്ക്കണം. അടച്ചുറപ്പില്ലാത്തതും മേല്‍ക്കൂര ശക്തമല്ലാത്തതുമായ വീടുകളില്‍ താമസിക്കുന്നവരും വരുംദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ മാറി താമസിക്കാന്‍ തയാറാവണം. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.