കര്‍ണാടക ചാമരാജനഗർ എം.പിയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. ശ്രീനിവാസ് പ്രസാദ് (76) അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു അന്ത്യം. മൃതദേഹം ഒമ്ബത് മണിക്ക് മൈസൂരുവിലെ ദസറ എക്സിബിഷൻ ഗ്രൗണ്ടില്‍ പൊതുദർശനത്തിന് വെക്കും.1947 ജൂലൈ 6 ന് മൈസൂരിലെ അശോകപുരത്ത് എം വെങ്കടയ്യയുടെയും ഡി.വി. പുട്ടമ്മയുടെയും മകനായി ജനിച്ച പ്രസാദ് 1974 മാർച്ച് 17ന് കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.
കുട്ടിക്കാലം മുതല്‍ 1972 വരെ ആർ.എസ്.എസ് സന്നദ്ധപ്രവർത്തകനായിരുന്ന അദ്ദേഹം ജൻ സംഘ്, എ.ബി.വി.പി എന്നിവയില്‍ സജീവമായിരുന്നു. ദലിത് നേതാവു കൂടിയായ അദ്ദേഹം 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. എട്ടെണ്ണത്തില്‍ വിജയിച്ചു. ഒന്‍പത് തവണ ചാമരാജനഗറില്‍ നിന്നും മത്സരിച്ച ശ്രീനിവാസ് പ്രസാദ് ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.
1999 മുതല്‍ 2004 വരെ വാജ്‌പേയി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു. രണ്ടുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കർണാടക റവന്യൂ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിന് ശേഷം മാർച്ച് 17ന് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍ ശ്രീനിവാസ് പ്രസാദിനെ സന്ദര്‍ശിച്ചിരുന്നു.