രാജ്യത്ത് ഇലക്ട്രിക് വാഹന വിപണി സജീവമാണ്. ഒപ്പം അപ്രതീക്ഷിതമായ പല വെല്ലുവിളികളും സുരക്ഷാ പ്രശ്നങ്ങളും ഇലക്ട്രിക് വാഹന വിപണിയെ ബാധിക്കുകയും ചെയ്യുന്നു.ഇവികളുടെ പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വാഹനങ്ങള്‍ക്ക് തീ പിടിക്കുന്ന സംഭവം.
മഹാരാഷ്ട്രയിലെ പൂനെയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒല എസ്1 ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ച സംഭവവും തമിഴ്നാട്ടിലെ വെല്ലൂരില്‍ ഇലക്ട്രിക്ക് സ്കൂട്ടറിന് തീ പിടിച്ച് അച്ഛനും മകളും മരണപ്പെട്ടതും സുരക്ഷയുമായി ബന്ധപ്പെട്ടുള്ള കാര്യമാണ്. വീടിന് മുന്നില്‍ പഴയ പ്ലഗ് പോയിന്റില്‍ വാഹനം ചാര്‍ജ് ചെയ്ത് കൊണ്ടിരുന്നപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് അപകടമുണ്ടായത്.
വാഹനം കത്തിയപ്പോള്‍ ഉണ്ടായ വിഷപ്പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്.ഇവി സെഗ്മെന്റില്‍ ഇരുചക്രവാഹന വിഭാഗത്തിലാണ് മത്സരം കനക്കുന്നത്. വര്‍ധിച്ചു വരുന്ന ഇന്ധന വിലയും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വരുന്ന സര്‍ക്കാര്‍ സബ്സഡികളും ഇതിന് പ്രേരകമാകുകയും ചെയ്യുന്നു. ഇപ്പോള്‍ വന്‍കിട ടെക്ക് കമ്ബനികളും സ്വന്തം ഇലകട്രിക് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഓരോ കമ്ബനികളും വിപണിയില്‍ ഒന്നാമത് എത്താനുള്ള ശ്രമങ്ങള്‍ നടത്തുമ്ബോള്‍ വാഹനത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. സുരക്ഷിതവും ശേഷിയില്ലാത്തതുമായ പവര്‍ സോക്കറ്റുകളില്‍ ഇവികള്‍ കണക്റ്റ് ചെയ്യുന്നതും അപകട കാരണമാണ്.ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയും മറ്റ് വിപണികളുമായും താരതമ്യപ്പെടുത്തുമ്ബോള്‍, ഇന്ത്യയിലെ സവിശേഷമായ കാലാവസ്ഥയും ഇവികളുടെ ഉപയോഗ സാഹചര്യവും ഇതില്‍ നിര്‍ണായകമായിരിക്കും.
രാജ്യത്ത് കൂടി വരുന്ന ചൂട് അടക്കമുള്ള കാലാവസ്ഥാ ഘടകങ്ങള്‍ ഇവി നിര്‍മാതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പുതിയ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലും ഇവികള്‍ സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുകയാണ് കമ്ബനികള്‍. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പോലെ സുരക്ഷിതമായ സാങ്കേതികവിദ്യയാണ് ഇലക്ട്രിക് വാഹനങ്ങളുമെന്നാണ് മജന്തയുടെ എംഡിയും സിഇഒയുമായ മാക്സണ്‍ ലൂയിസ് പറയുന്നത്.
എന്നാല്‍ അന്താരാഷ്ട്ര തലത്തിലെ പല സാങ്കേതികവിദ്യകളും ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാല് പ്രധാന കാരണങ്ങളാണ് മാക്സണ്‍ ലൂയിസ് അപകടത്തിന് കാരണമായി പറയുന്നത്. ചൂട്, ഈര്‍പ്പം, ഹാര്‍മോണിക്സ്, മനുഷ്യര്‍. അപകടങ്ങള്‍ക്ക് രണ്ട് സാങ്കേതിക കാരണങ്ങളും ഒരു സാമൂഹിക-സാമ്ബത്തിക കാരണവും ഉണ്ടെന്നും മാക്സണ്‍ ലൂയിസ് പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയില്‍ നടക്കേണ്ട പരിശോധനയുടെ പോരായ്മ, തെറ്റായ ചാര്‍ജിങ് ഡിവൈസുകള്‍ എന്നിവയാണ് സാങ്കേതിക വശങ്ങളില് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍, വില കുറച്ച് ഉത്പന്നം വിപണിയില്‍ എത്തിക്കുക എന്ന മനോഭാവം സുരക്ഷയിലും ഫീല്‍ഡ് ടെസ്റ്റിങിലും കമ്ബനികള്‍ കുറുക്കുവഴികള്‍ സ്വീകരിക്കുന്നതിന് കാരണമാകുന്നതായും ലൂയിസ് പറയുന്നു. ഇലക്ട്രിക്ക് വാഹനങ്ങള്‍ പഴയ എഞ്ചിന് വാഹനങ്ങളേക്കാള്‍ സുരക്ഷിതമാണെന്നും ഇവി കമ്ബനികള്‍ അവകാശപ്പെടുന്നുണ്ട്.
അപകടങ്ങളില്‍ ഭൂരിഭാഗവും ബാറ്ററികളുടെ പ്രശ്നമായിരിക്കാനാണ് സാധ്യതയെന്നാണ് ക്രയോണ്‍ മോട്ടോഴ്സ് ഡയറക്ടര്‍ മായങ്ക് ജെയിന് പറയുന്നത്. ഒന്നുകില്‍ അവയുടെ തെര്‍മല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ സെല്‍ ചോയ്സ് പോലെയുള്ള മറ്റ് പ്രശ്നങ്ങളും കാരണമാകാം. ഇന്ത്യന്‍ കാലാവസ്ഥയെ നേരിടാനുള്ള സാങ്കേതികവിദ്യ രൂപകല്‍പ്പന ചെയ്യുകയും കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും മായങ്ക് വ്യക്തമാക്കി.