ഓണ്‍ലൈന്‍ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രാജ്യത്തെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്കുമാണ് മന്ത്രാലയം കർശന നിർദ്ദേശം നൽകിയത്. ഏതാനും ഡിജിറ്റല്‍ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം കർശന നിലപാടുമായി എത്തിയത്.
ജൂൺ 13ന് പുറത്തിറക്കിയ മാർഗ നിർദ്ദേശം കർശനമായി പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. ഓണ്‍ലൈന്‍ ചൂതാട്ടവും വാതുവയ്പ്പും നിയമ വിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ മാറിനില്‍ക്കണം. അല്ലാത്ത പക്ഷം നിയമ നടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ലോണ്‍ ആപ്പുകാരെ ഭയന്ന് ഐടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു; നഗ്നച്ചിത്രങ്ങളുടെ പേരില്‍ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയതായി വിവരം
ചെന്നൈ: ലോണ്‍ ആപ്പുകാരുടെ ഭീഷണി ഭയന്ന് ചെന്നൈയില്‍ യുവ ഐടി ജീവനക്കാരന്‍ തൂങ്ങിമരിച്ചു.പെരുംഗുഡിയിലെ ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നരേന്ദ്രന്‍ എന്ന 23-കാരനാണ് ആത്മഹത്യ ചെയ്തത്. ലോണ്‍ ആപ്പ് മുഖേന നരേന്ദ്രന്‍ 33,000 രൂപ വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി വീട്ടുകാര്‍ പറയുന്നു.
33,000 രൂപ തിരിച്ചടച്ചെങ്കിലും ഇനിയും പണമടയ്‌ക്കേണ്ടതുണ്ടെന്നായിരുന്നു ആപ്പ് അധികൃതര്‍ പറഞ്ഞിരുന്നത്. ഇതിനായി ബന്ധുവില്‍ നിന്ന് പണം കടം വാങ്ങി വീണ്ടും ലോണ്‍ ആപ്പിന് നല്‍കി. എന്നിട്ടും കസ്റ്റമര്‍ സര്‍വീസ് സെന്ററില്‍ നിന്നും നരേന്ദ്രന് ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. വീണ്ടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. നരേന്ദ്രന്റെ നഗ്നചിത്രങ്ങള്‍ കൈവശമുണ്ടെന്നും ഇത് കുടുംബാംഗങ്ങള്‍ക്കും സൂഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ലോണ്‍ ആപ്പില്‍ നിന്നും നരേന്ദ്രന്റെ സുഹൃത്തുക്കള്‍ക്കും ഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങി. ഇതോടെ സഹികെട്ട യുവാവ് മനംമടുത്ത് ആത്മഹത്യ ചെയ്തുവെന്നാണ് വിവരം.
മേഖലയില്‍ പിടിമുറുക്കിയ വിവിധ ലോണ്‍ ആപ്പുകളുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. നരേന്ദ്രന്റെ മൊബൈല്‍ ഫോണും വിശദമായി പരിശോധിക്കും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.