Home Featured നമ്മ മെട്രോ നിരക്ക് വർധനവ്  : റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം

നമ്മ മെട്രോ നിരക്ക് വർധനവ്  : റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം

ബെംഗളൂരു: നമ്മ മെട്രോ നിരക്ക് വർധനവ് സംബന്ധിച്ച് കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടു. 40 മുതൽ 45 ശതമാനംവരെ നിരക്ക് വർധിപ്പിക്കണമെന്ന നിർദേശത്തിൽ കേന്ദ്ര നഗരകാര്യ ഹൗസിങ് മന്ത്രാലയം അതൃപ്തി അറിയിച്ചെന്നും നിരക്ക് വർധനവിന്റെ കാരണം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബി.എം.ആർ.സി.എല്ലിനോട് കേന്ദ്രം ആവശ്യപ്പെട്ടെന്നും ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹൻ പറഞ്ഞു.ഫെബ്രുവരി ഒന്നുമുതൽ നിരക്ക് വർധിപ്പിക്കാനാണ് ബി.എം.ആർ.സി.എൽ. നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്രം റിപ്പോർട്ട് ആവശ്യപ്പെട്ടസ്ഥിതിക്ക് നിരക്ക് വർധനവ് നീട്ടി വെക്കാനുള്ള സാധ്യതയുണ്ട്.

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.എം.ആർ.സി.എൽ.) മൂന്നംഗ ഫെയർ ഫിക്സേഷൻ കമ്മിറ്റിയാണ് 40 മുതൽ 45 ശതമാനം വരെ നിരക്ക് വർധനവ് ശുപാർശചെയ്തത്. റിട്ട. ജസ്റ്റിസ് ആർ. തരുണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് നമ്മ മെട്രോയുടെ സാമ്പത്തികസ്ഥിതിയും നടത്തിപ്പ് ചെലവും കണക്കിലെടുത്ത് നിരക്ക് വർധനവ് ശുപാർശ ചെയ്തത്. ബി.എം.ആർ.സി.എല്ലിന്റെ 14 വർഷത്തെ ചരിത്രത്തിനിടെ 2017 ജൂണിൽ മാത്രമാണ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ പ്രതിദിനം രണ്ടുകോടി രൂപയ്ക്കടുത്ത് വരുമാനമുള്ള ബി.എം.ആർ.സി.എല്ലിന് അധികമായി 90 ലക്ഷം രൂപയാണ് നിരക്ക് വർധനവിലൂടെ ലക്ഷ്യമിടുന്നത്.

വായ്പാ തിരിച്ചടവും പലിശയും ഇതുവഴി സുഗമമായി പോകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, 45 ശതമാനം വർധനവ് വളരെകൂടുതലാണെന്ന് പി.സി. മോഹൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെയും കർണാടക സർക്കാരിന്റെയും സംയുക്ത സംരംഭമാണ് നമ്മ മെട്രോ. അതിനാലാണ് കേന്ദ്രമന്ത്രാലയം റിപ്പോർട്ട് തേടിയത്. നിരക്ക് വർധനവ് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ അറിയിച്ചതാണെന്നും വർധനവിന്റെ കാരണത്തെ കുറിച്ചാണ് കേന്ദ്രം റിപ്പോർട്ട് തേടിയതെന്നും ബി.എം.ആർ.സി.എൽ. അധികൃതർ അറിയിച്ചു.

നിലവിൽ നമ്മ മെട്രോയിൽ കുറഞ്ഞനിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നവർക്ക് അഞ്ചു ശതമാനം ഇളവുണ്ട്.2017-ൽ അവസാനം നിരക്ക് വർധിപ്പിച്ചതിനുശേഷം മെട്രോ പാത ദൈർഘ്യം വർധിക്കുകയും യാത്രക്കാരുടെ എണ്ണംകൂടുകയും ചെയ്തു. നിലവിൽ ഏകദേശം 76 കിലോമീറ്റർ മെട്രോ പാതയുണ്ട്. നിരക്ക് വർധിപ്പിക്കുന്നത് വഴി ലഭിക്കുന്ന അധിക വരുമാനം മെട്രോയുടെ മറ്റുപാതകളുടെ നിർമാണ ചെലവിലേക്ക് ഉപയോഗിക്കാനാകും.

You may also like

error: Content is protected !!
Join Our WhatsApp Group