ഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള വ്യക്തിഗത വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്നതിനും, ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതി നല്‍കാനായി കേന്ദ്രം കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയമാണ് കരട് വിജ്ഞാപനം പുറത്തിറക്കിയത്.’അന്താരാഷ്‍ട്ര പൊതുഗതാഗത ഇതര വ്യക്തിഗത വാഹന ചട്ടങ്ങള്‍ – 2022′ എന്ന പേരിലാണ് കേന്ദ്ര ഉപരിതല ഗതാഗത – ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം സമര്‍പ്പിച്ചത്.
മറ്റ് രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പൊതുഗതാഗത ഇതര വ്യക്തിഗത വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിപ്പിക്കുന്നതിനും, അവ നിരത്തുകളില്‍ ഓടിക്കുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ ഈ ചട്ടം ശുപാര്‍ശ ചെയ്യുന്നു.അന്താരാഷ്ട്ര പൊതുഗതാഗത ഇതര വാഹന ചട്ടങ്ങള്‍ പ്രകാരം, നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക്, രാജ്യത്ത് ഉണ്ടാകുന്ന കാലയളവില്‍, സാധുവായ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് അല്ലെങ്കില്‍ അന്തര്‍ദേശീയ ഡ്രൈവിംഗ് പെര്‍മിറ്റ്, സാധുവായ ഇന്‍ഷുറന്‍സ് പോളിസി, സാധുവായ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ഉണ്ടായിരിക്കണം. ഈ രേഖകള്‍ ഇംഗ്ലീഷ് ഭാഷയില്‍ അല്ല ഉള്ളതെങ്കില്‍, അവ നല്‍കുന്ന അധികാരികളുടെ അംഗീകാരമുള്ള ഒരു ഇംഗ്ലീഷ് വിവര്‍ത്തനം യഥാര്‍ത്ഥ രേഖകള്‍ക്കൊപ്പം ഉടമസ്ഥര്‍ സൂക്ഷിക്കേണ്ടതാണ്.