Home Featured ഏകപക്ഷീയമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ സമൂഹ മാധ്യങ്ങള്‍ക്ക് അധികാരമില്ല; കേന്ദ്രം

ഏകപക്ഷീയമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ സമൂഹ മാധ്യങ്ങള്‍ക്ക് അധികാരമില്ല; കേന്ദ്രം

ഡല്‍ഹി: മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഏകപക്ഷീയമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യാന്‍ സമൂഹ മാധ്യങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.പൗരന്റെ മൗലിക അവകാശങ്ങള്‍ സമൂഹ മാധ്യങ്ങള്‍ മാനിക്കണമെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്ര ഐ ടി മന്ത്രാലയം അറിയിച്ചു.

അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിന് ട്വിറ്ററിനെതിരെ രണ്ടുപേര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുക എന്നത് അവസാനത്തെ നടപടി ആയിരിക്കണം. നിയമ വിരുദ്ധമായ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകള്‍ നീക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് അധികാരം ഉണ്ട്. ഒരു വ്യക്തി അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്ന് നിരന്തരം നിയമവിരുദ്ധ പോസ്റ്റുകളാണ് ഇടുന്നതെങ്കില്‍ ആ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യാവുന്നതാണ്. എന്നാല്‍ മുന്‍കൂര്‍ നോട്ടീസ് നല്‍കിയ ശേഷമാകണം സസ്പെന്‍ഷനെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന മൗലിക അവകാശങ്ങള്‍ ഉറപ്പ് വരുത്താന്‍ തങ്ങള്‍ക്ക് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികവും സാങ്കേതികവുമായ പുരോഗതി കാരണം പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനോ ഉപേക്ഷിക്കാനോ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഏകപക്ഷീയമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുന്നത് അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group