ബംഗളൂരുവില്‍ ഇംഗ്ലീഷില്‍ ബോര്‍ഡുകള്‍ വെച്ച കടകള്‍ക്ക് നേരെ കന്നഡ രക്ഷാ വേദികെ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം വിവാദമായ പശ്ചാത്തലത്തില്‍ കന്നഡക്കായി വാദിക്കുന്നവരെ പിന്തുണച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി.ബോര്‍ഡുകള്‍ എല്ലാവര്‍ക്കും വായിക്കാൻ സാധിക്കുന്നതായിരിക്കണമെന്നും ഇംഗ്ലീഷ് എല്ലാവര്‍ക്കും വായിക്കാൻ പറ്റുന്ന ഭാഷയല്ലെന്നും അദ്ദേഹം പറഞ്ഞു.’ബോര്‍ഡുകള്‍ എല്ലാവര്‍ക്കും വായിക്കാൻ കഴിയുന്നതായിരിക്കണം. ഇംഗ്ലീഷ് എല്ലാവര്‍ക്കും വായിക്കാനാവില്ല. ഇംഗ്ലീഷിന് പുറമേ മറ്റ് ഭാഷയില്‍ കൂടി, കന്നഡയിലോ ഹിന്ദിയിലോ, എഴുതുന്നതില്‍ എന്താണ് തെറ്റ്. ഇത് ഇംഗ്ലണ്ട് അല്ലല്ലോ. അക്രമമുണ്ടായിട്ടുണ്ടെങ്കില്‍ അതിനെ അംഗീകരിക്കുന്നില്ല.
എന്നാല്‍, അവരുടെ വികാരവും ആവശ്യവും കടയുടമകള്‍ മനസ്സിലാക്കണം’ -പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെ വ്യാപാര സ്ഥാപനങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും കന്നഡ ഭാഷയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് കന്നഡ ഭാഷാ സംരക്ഷണ സംഘടനയായ കന്നഡ രക്ഷണ വേദികെ അക്രമം നടത്തിയത്. മാര്‍ച്ചും ധര്‍ണയുമായി തുടങ്ങിയ പ്രതിഷേധം അതിരുവിട്ടതോടെ ബെംഗളൂരുവില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. നിരവധി കടകളുടെ ഇംഗ്ലീഷ് ബോര്‍ഡുകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.
കടകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും ബോര്‍ഡുകളില്‍ 60 ശതമാനം ഭാഗത്ത് കന്നഡ ഉപയോഗിക്കണമെന്ന് ബംഗളൂരു കോര്‍പറേഷൻ ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി 28നുള്ളില്‍ ഇത് നടപ്പാക്കണമെന്നും ഇല്ലെങ്കില്‍ ലൈസൻസ് റദ്ദാക്കുമെന്നും കോര്‍പറേഷൻ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരവിന് പിന്നാലെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകര്‍ ഇംഗ്ലീഷ് ബോര്‍ഡുകള്‍ വെച്ച കടകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു