ബംഗളൂരു: അന്തരീക്ഷവായുവിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 116 കോടി രൂപ അനുവദിച്ചു.ദേശീയ ക്ലീന്‍ എയര്‍ പ്രോജക്ടിന്‍റെ ഭാഗമായാണിത്. നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് എട്ടിന പദ്ധതികള്‍ നഗരവികസന വകുപ്പ് ആസൂത്രണംചെയ്ത് അംഗീകാരത്തിനായി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.വായുമലിനീകരണമുണ്ടാകാത്ത വൈദ്യുതി ബസുകള്‍ വാങ്ങാന്‍ ബി.എം.ടി.സി.ക്ക് തുക ലഭിക്കും.
നഗരത്തിലെ കവലകള്‍ ഹരിതവത്‌കരിക്കാനും നടപ്പാതകള്‍ നിര്‍മിക്കാനും വൃക്ഷത്തൈ നഴ്‌സറികള്‍ തയാറാക്കാനും പാര്‍ക്കുകള്‍ നിര്‍മിക്കാനും തുക വിനിയോഗിക്കും. വായുഗുണനിലവാരം വര്‍ധിപ്പിക്കാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ 149 കോടി രൂപ അനുവദിച്ചിരുന്നു.
സ്ത്രീകള്‍ക്ക് സൗജന്യ ബസ് പാസ് -മുഖ്യമന്ത്രി
ബംഗളൂരു: ജോലിക്കുപോകുന്ന സ്ത്രീകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ സൗജന്യ ബസ് പാസ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.സ്ത്രീകള്‍ക്കുള്ള ആദരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അവരെ സ്വയംപര്യാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിനി സ്കൂള്‍ ബസുകള്‍ പുറത്തിറക്കും. ഓരോ താലൂക്കിലും ഇത്തരത്തില്‍ അഞ്ച് ബസുകളെങ്കിലും ഇറക്കും. ഇവ സ്കൂള്‍ തുറക്കുന്ന സമയങ്ങളിലാണ് ഓടുക.
ആവശ്യമെങ്കില്‍ ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കും- അദ്ദേഹം പറഞ്ഞു. കര്‍ണാടക ആര്‍.ടി.സിയുടെ പുതിയ എ.സി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ‘അംബാരി ഉല്‍സവ്’ ബസുകളുടെ ഫ്ലാഗ് ഓഫ് വിധാന്‍ സൗധക്കുമുന്നില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.അത്യാഡംബരവും സുഖപ്രദവുമായ 20 എ.സി മള്‍ട്ടി ആക്സില്‍ സ്ലീപ്പര്‍ ബസുകളാണ് നിരത്തിലിറക്കുന്നത്. വോള്‍വോയുടെ ബി.എസ് 6 -9600 ശ്രേണിയില്‍പെട്ട ബസുകള്‍ ഇൗ മാസം 24 മുതല്‍ സര്‍വിസ് തുടങ്ങും.
ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് രണ്ട് ബസുകളും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളുമാണ് ഓടുക. സെക്കന്തരാബാദ്, ഹൈദരാബാദ്, പനാജി എന്നിവിടങ്ങളിലേക്കും അംബാരി ബസ് സര്‍വിസ് നടത്തും. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കും പുണെയിലേക്കും ബസ് സര്‍വിസ് ഉണ്ടാകും