ന്യൂഡൽഹിൽ :മാസ്കും സാമൂഹ്യ അകലവും ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം. മാസ്ക് ഒഴിവാക്കൻ തീരുമാനിച്ചിട്ടില്ലെന്നും മാസ്ക് ധരിച്ചില്ലെങ്കിലുള്ള കേസാണ് ഒഴിവാക്കിയിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. പരിശോധനകളും ഐസൊലേഷൻ ഉൾപ്പടെയുള്ള കാര്യങ്ങളും തുടരണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. സംസ്ഥാനങ്ങൾക്ക് അയച്ച ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020 മാർച്ച് 24ന് ഏർപ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സർക്കാർ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കി.