ന്യൂഡല്‍ഹി : രാജ്യത്തെ 45 കേന്ദ്രസര്‍വകലാശാലകളിലേക്കുമുള്ള ബിരുദ പ്രവേശനത്തിന് ഇനി മുതല്‍ പൊതു പരീക്ഷ. പ്രവേശനം പൊതു പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ലെന്നും യുജിസി അറിയിച്ചു.
മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു പ്രവേശനം. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ഏഴോളം കോളേജുകള്‍ നൂറ് ശതമാനമാണ് ഈ വര്‍ഷം ബിരുദ പ്രവേശനത്തിന് കട്ട് ഓഫ് വച്ചത്. സ്‌കൂളുകളിലെയും ബോര്‍ഡുകളിലെയും മൂല്യനിര്‍ണയത്തിലെ വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പൊതുപരീക്ഷ ഏര്‍പ്പാടാക്കിയത്.
വരുന്ന ജൂലൈയിലാണ് ആദ്യ പരീക്ഷ. മലയാളം ഉള്‍പ്പടെ 13 ഭാഷകളില്‍ പരീക്ഷ എഴുതാം. ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങും.നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് (എന്‍ടിഎ) പരീക്ഷയുടെ നടത്തിപ്പ് ചുമതല.പ്രവേശന മാനദണ്ഡത്തിലെ പുതിയ മാറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. വിദ്യാഭ്യാസം കൂടുതല്‍ കച്ചവടവത്കരിക്കപ്പെടുമെന്നും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം തഴയപ്പെടുമെന്നുന്നുമാണ് ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടുന്നത്.