ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന മെഡിക്കല്‍, ദന്തല്‍ കോഴ്സുകളില്‍ ഒബിസി വിഭാഗത്തിന് അഖിലേന്ത്യാ ക്വാട്ടയില്‍ 27 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് 10 ശതമാനം സാമ്ബത്തിക സംവരണം കൊണ്ടുവരും. ഈ രണ്ട് തീരുമാനങ്ങളിലൂടെ ഏതാണ്ട് 5550 വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്.
മുന്‍പ് പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രമാണ് സംവരണമുണ്ടായിരുന്നത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ തീരുമാനം വഴി പ്രയോജനം ലഭിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.സംവരണവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.