ബെംഗളൂരു: രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ അതിവേഗ റെയിൽ ഇടനാഴികൾ വികസിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.പടിഞ്ഞാറൻ, തെക്കൻ, വടക്കൻ, കിഴക്കൻ മേഖലകളെ ഒരുമിപ്പിക്കാനും വ്യാവസായിക കേന്ദ്രങ്ങൾ, സാങ്കേതികവിദ്യ കേന്ദ്രങ്ങൾ, തീർത്ഥാടന നഗരങ്ങൾഎന്നിവയെ വേഗതയേറിയതും കൂടുതൽ സംയോജിതവുമായ ശൃംഖലയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്ന പുതിയ അതിവേഗ റെയിൽ ഇടനാഴികളിൽ ദക്ഷിണേന്ത്യയിൽ നിന്നും കർണാടകയും തമിഴ്‌നാടും ഇടം നേടി.പൂണെ – മുംബൈ, പൂണെ -ഹൈദരാബാദ്, ഹൈദരാബാദ് -ബെംഗളൂരു, ബെംഗളൂരു – ചെന്നൈ,ഹൈദരാബാദ് – ചെന്നൈ, ഡൽഹി – വാരാണസി, വാരാണസി – സിലിഗുരി എന്നിവയാണ് ബജറ്റിൽ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയിൽ ഇടനാഴികൾ.ഇന്ത്യയിൽ നിലവിൽ പ്രവർത്തനക്ഷമമായ അതിവേഗ അല്ലെങ്കിൽ ബുള്ളറ്റ് ട്രെയിൻ സർവീസുകളൊന്നുമില്ല. രാജ്യത്തെ ആദ്യത്തെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ ഇടനാഴി നിർമ്മാണത്തിലാണ്.ചരക്ക് നീക്കം സുഗമമാക്കുന്നതിനായി കിഴക്കൻ മേഖലയിലെ ദൻകുനിയെയും പടിഞ്ഞാറൻ മേഖലയിലെ സൂറത്തിനെയും ബന്ധിപ്പിച്ചു കൊണ്ട് പുതിയ ഈസ്റ്റ് വെസ്റ്റ് ഫ്രൈറ്റ് കോറിഡോറും മന്ത്രി പ്രഖ്യാപിച്ചു. ഇതിനുപുറമെ രാജ്യത്തെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും മൾട്ടിമോഡൽ ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുന്നതിനുമായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ പ്രവർത്തനസജ്ജമാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഒരു മണിക്കൂർ 26 മിനിറ്റായിരുന്നു ഇത്തവണ നിർമ്മല സീതാരാമന്റെ ബജറ്റ് അവതരണ പ്രസംഗം നീണ്ടു നിന്നത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് ക്രേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.