ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കര്‍ണാടകമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്ര സര്‍ക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനുമാണ് കത്ത്. ഇവിടങ്ങളില്‍ കോവിഡ് കേസുകളും മരണസംഖ്യയും വര്‍ധിക്കുന്നതില്‍ ആശങ്കയും ഒമിക്രോണ്‍ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.
ഹൈറിസ്‌ക് രാജ്യങ്ങളില്‍നിന്നടക്കം വിദേശത്ത് നിന്ന് എത്തുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു. ഹോട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജെനോം സ്വീകന്‍സിങ്ങിന് അയക്കാനും ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്രം ആശങ്ക അറിയിച്ചു. നവംബര്‍ 19 നും 25 നുമിടയില്‍ 12 മരണം നടന്ന തൃശ്ശൂരില്‍ തൊട്ടടുത്ത ആഴ്ച 128 മരണങ്ങള്‍ ഉണ്ടായതും അതേകാലയളവില്‍ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കത്‌വ ജില്ലയില്‍ നവംബര്‍ 26 നും ഡിസംബര്‍ രണ്ടിനും ഇടയില്‍ 727 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളിലുണ്ടയത്.
കര്‍ണാടകയിലെ തുംകൂര്‍ ജില്ലയില്‍ 152 ശതമാനവും തമിഴ്‌നാട്ടിലെ മൂന്നു ജില്ലകളില്‍ വലിയളവിലും കേസുകളുണ്ടായി. മിസോറാമിലെ നാലു ജില്ലകളിലും വര്‍ധനവുണ്ടായി – സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മേയ് മുതല്‍ രാജ്യത്തെ മൊത്തം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. നിത്യേന നാലു ലക്ഷം വരെയൊക്കെ ഉയര്‍ന്ന കോവിഡ് രോഗബാധ ഇപ്പോള്‍ ഒരു ലക്ഷത്തില്‍ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വാക്‌സിനേഷന്‍ നല്‍കിയതു വഴിയടക്കം നേടിയെടുത്ത ഈ നേട്ടം ഒമിക്രോണ്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ നിലനിര്‍ത്താന്‍ നന്നായി പരിശ്രമിക്കേണ്ടിവരും. നിലവില്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ക്കും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കര്‍ണാടകക്ക് പിറകേയാണ് ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധ കണ്ടെത്തിയത്. ആഫ്രിക്കയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിയായ 72 കാരനാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹം സിംബാബ്വെയില്‍ നിന്ന് എത്തിയതാണ്. പൂനെ ലാബിലേക്ക് സാംപിള്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച രണ്ട് കര്‍ണാടക സ്വദേശികള്‍ക്കാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.