ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി സ്റ്റേ. ഫെബ്രുവരി 24 വരെയാണ് കേസ് നടപടികള്‍ക്ക് കര്‍ണാടക ഹൈകോടതി സ്റ്റേ അനുവദിച്ചത്.അഴിമതി നിരോധന നിയമപ്രകാരം സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ ഇതുവരെയുള്ള നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയോട് ഹൈകോടതി നിര്‍ദേശിച്ചു.
തനിക്ക് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസും തന്റെ മകള്‍ക്ക് സി.ബി.ഐയുടെ നോട്ടീസും ലഭിച്ചതായും രാഷ്ട്രീയ പ്രതികാരമെന്നോണം കേന്ദ്ര ഏജന്‍സികള്‍ തന്നെ വേട്ടയാടുകയാണെന്നും കഴിഞ്ഞദിവസം ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെമാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യം വെക്കുന്നതെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കുനേരെ അന്വേഷണംനടക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഫെബ്രുവരി 22ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ശിവകുമാറിന് ലഭിച്ച നോട്ടീസില്‍ ആവശ്യപ്പെടുന്നത്.സി.ബി.ഐ, ഇ.ഡി നോട്ടീസുകള്‍ക്കെതിരെ ശിവകുമാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വെള്ളിയാഴ്ച ജസ്റ്റിസ് കെ. നടരാജനാണ് ഹരജി പരിഗണിച്ചത്.
ശിവകുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് സി.എച്ച്. ജാദവ് ഹാജരായി. വരുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.കെ. ശിവകുമാറിനെ മാനസികമായി സമ്മര്‍ദത്തിലാക്കാന്‍ കേന്ദ്ര ഏജന്‍സികളായ സി.ബി.ഐയും ഇ.ഡിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.ശിവകുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും തുടര്‍ച്ചയായി അന്വേഷണ ഏജന്‍സികള്‍ നോട്ടീസ് നല്‍കുകയാണ്. 2020ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ നടപടികളെ കുറിച്ച് ആരാഞ്ഞ ഹൈകോടതി, എപ്പോഴാണ് സി.ബി.ഐ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്ന് ചോദിച്ചു.
തുടര്‍ന്ന് കേസിന്റെ അടുത്ത ഹിയറിങ് വരെ അന്വേഷണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്യുകയായിരുന്നു.2017 ആഗസ്റ്റിലാണ് ഡി.കെ. ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള കേന്ദ്ര ഏജന്‍സി റെയ്ഡ് നടക്കുന്നത്. അന്ന് ഗുജറാത്തിലെ രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ബി.ജെ.പി ഓപറേഷന് താമരക്ക് വട്ടം കൂട്ടുന്നതിനിടെ എ.ഐ.സി.സി നേതൃത്വം ഗുജറാത്തില്‍നിന്നുള്ള 44 കോണ്‍ഗ്രസ് എം.എല്‍.എമാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയായിരുന്നു.എം.എല്‍.എമാരെ കര്‍ണാടകയിലേക്ക് എത്തിക്കുന്നതിന് റിസോര്‍ട്ടില്‍ സുരക്ഷിതമായി താമസിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയത് ഡി.കെ. ശിവകുമാറായിരുന്നു.
ഇതിനെ തുടര്‍ന്ന് ആഗസ്റ്റ് രണ്ടിന് പുലര്‍ച്ചെ സായുധരായ കേന്ദ്ര സേനയുടെ അകമ്ബടിയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടില്‍ റെയ്ഡ് നടത്തി. ശിവകുമാറുമായി ബന്ധപ്പെട്ട കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും വീടുകളിലും ഓഫിസുകളിലുമടക്കം രാജ്യത്തെ 67 കേന്ദ്രങ്ങളിലും തുടര്‍ന്ന് പരിശോധന നടന്നു. അന്വേഷണത്തിന്റെ ഭാഗമായി കണക്കില്‍പെടാത്ത ഒമ്ബത് കോടിയുടെ പണവും കോടികളുടെ സ്വത്തും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.ആദായ നികുതി വകുപ്പിന്റെ കുറ്റപത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ കേസെടുക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ ശിവകുമാറിനെതിരെ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തു. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിറകെ സി.ബി.ഐയും ശിവകുമാറിനെതിരെ രംഗത്തുവന്നു. ഇ.ഡി അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെതിരെ കേസെടുക്കാന്‍ കര്‍ണാടക സര്‍ക്കാറില്‍നിന്ന് സി.ബി.ഐ അനുമതി തേടി. 2019 സെപ്റ്റംബറില്‍ ഇ.ഡി കേസില്‍ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി ഇ.ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ കഴിഞ്ഞ ശിവകുമാറിന് ഡല്‍ഹി ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായ ശിവകുമാറിന് കീഴില്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പിനായി പ്രചാരണം ശക്തമാക്കവെയാണ് വീണ്ടും കേന്ദ്ര ഏജന്‍സികളുടെ വേട്ട.നിലവില്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രജാധ്വനി യാത്ര നയിക്കുകയാണ് ശിവകുമാര്‍. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ മാത്രമാണ് ഇ.ഡിയും സി.ബി.ഐയും ലക്ഷ്യം വെക്കുന്നതെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കുനേരെ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
മിക്ക ബി.ജെ.പി നേതാക്കള്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ട്. എന്നാല്‍, അവരിലൊരാളുടെ വീട്ടില്‍പോലും സി.ബി.ഐ റെയ്ഡ് നടത്തുന്നില്ല. ഒരു ബി.ജെ.പി എം.എല്‍.എമാരുടെയും നേരെ റെയ്ഡ് നടത്താന്‍ നിയമസഭ സ്പീക്കര്‍ (ബി.ജെ.പി അംഗം വിശേശ്വര്‍ ഹെഗ്ഡെ കാഗേരി) അനുമതി നല്‍കുന്നില്ല; ഞാന്‍ മാത്രമാണ് ടാര്‍ഗറ്റ് ചെയ്യപ്പെടുന്നത്- ശിവകുമാര്‍ പറഞ്ഞു.നാഷനല്‍ എജുക്കേഷന്‍ ഫൗണ്ടേഷന് എന്ന ട്രസ്റ്റിന്റെ ചെയര്മാന് കൂടിയാണ് ഡി.കെ. ശിവകുമാര്‍.
മകളായ ഡി.കെ.എസ്. ഐശ്വര്യ ട്രസ്റ്റ് സെക്രട്ടറിയും കുടുംബാംഗങ്ങള്‍ ട്രസ്റ്റ് അംഗങ്ങളുമാണ്.’നാഷനല്‍ ഹെറാള്‍ഡി’ന് ഞാന്‍ നല്‍കിയതുമായി ബന്ധപ്പെട്ട് എന്നെ ഇ.ഡി മുമ്ബ് ചോദ്യം ചെയ്യുകയും ഞാന്‍ മറുപടി നല്‍കുകയും ചെയ്തതാണ്. ഇപ്പോള്‍ ഫെബ്രുവരി 22ന് വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരാവാന്‍ അവര്‍ ആവശ്യപ്പെടുന്നു. ഞാന്‍ പ്രജാധ്വനി യാത്രയുമായി മുന്നോട്ടുപോകണോ അതോ ഇ.ഡിക്ക് മുന്നില്‍ ഹാജരാകണോ? എന്തു ചെയ്യാനാകുമെന്ന് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണ് -അദ്ദേഹം പ്രജാധ്വനി യാത്രക്കിടെ ശിവമൊഗ്ഗയില്‍ പറഞ്ഞു.